 
റാന്നി : ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാർഗങ്ങളിലൂടെ കൊന്ന് ഇല്ലായ്മചെയ്യാനുള്ള നടപടികൾക്ക് റാന്നി അങ്ങാടി പഞ്ചായത്തിൽ തുടക്കമായി. ഇതിനായി ലൈസൻസുള്ള 13 തോക്കുടമകളുടെ പാനലും പഞ്ചായത്ത് തയ്യാറാക്കി. കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്നതിനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരെ ഓണററി വൈൽഡ് ലൈഫ് വാർഡൻമാരായും പഞ്ചായത്ത് സെക്രട്ടറിമാരെ നിർവഹണ ഉദ്യോഗസ്ഥരായും ചുമതലപ്പെടുത്തി കഴിഞ്ഞ 31നാണ് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവായത്. കാട്ടുപന്നികളെ വെടിവയ്ക്കുന്ന വേളയിൽ മനുഷ്യ ജീവനും സ്വത്തിനും വളർത്തുമൃഗങ്ങൾക്കും ഇതര ജീവജാലങ്ങൾക്കും വന്യജീവികൾക്കും പോറൽ പോലും ഏൽക്കാൻ പാടില്ലെന്ന കർശന നിബന്ധനകളുമായാണ് അനുമതി നൽകിയിരിക്കുന്നത്. കൊല്ലുന്ന കാട്ടുപന്നികളെ വാർഡ് മെമ്പർമാരുടെയും നാട്ടുകാരുടെയും സാക്ഷികളുടെയും സാന്നിദ്ധ്യത്തിൽ കത്തിക്കുകയോ മണ്ണെണ്ണയോ ഡീസലോ ഒഴിച്ച് ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചിടുകയോ വേണം. കാട്ടുപന്നികളെ വെടിവെയ്ക്കുന്നതിനുള്ള ഉത്തരവ് ലിസ്റ്റിൽപ്പെട്ട കെ.എ.ജോസഫ് , കുന്നിലേത്തിന് നൽകി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ ബിച്ചു ആൻഡ്രൂസ് ഐക്കാട്ടു മണ്ണിൽ, കെ.രാധാകൃഷ്ണൻ, ജെവിൻ കാവുങ്കൽ, പി.എസ്.സതീഷ് കുമാർ, സെക്രട്ടറി സുധാകുമാരി എന്നിവർ സംസാരിച്ചു. സംസ്ഥാനത്ത് ആദ്യമായി നിയമ നടപടികൾ പൂർത്തിയാക്കി എം പാനൽ ലിസ്റ്റ് തയ്യാറാക്കിയ റാന്നി - അങ്ങാടി ഗ്രാമ പഞ്ചായത്തിനെ റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.കെ.ജയകുമാർ ശർമ്മ അഭിനന്ദിച്ചു.
പാനലിൽ ഉൾപ്പെട്ട തോക്കുടമകൾ
1. അബിൻ തോമസ്, കൈതവന, ചെല്ലക്കാട്.
2. എം.കെ. റെജി, മരംകൊള്ളിൽ , അങ്ങാടി.
3. എം.എസ്.വർഗീസ്, കാവുംമണ്ണിൽ വലിയകാവ്.
4. മാത്യൂ എബ്രഹാം മേപ്പുറത്ത്, നെല്ലിക്കമൺ.
5. എബി തോമസ് പുത്തൻ പുരയിൽ, നെല്ലിക്കമൺ.
6. റെജി ജോസഫ്, കടയ്ക്കേത്ത് പുല്ലൂപ്രം.
7. കെ.എ.ജോസഫ്, കുന്നിലേത്ത് , ഈട്ടിച്ചുവട്.
8. സാം മാത്യു കാവുംമണ്ണിൽ വലിയകാവ്.
9. കുര്യൻ എബ്രഹാം, കൈപ്പുഴ, നെല്ലിക്കമൺ.
10.എ.സി.മാത്യു അരുവിക്കൽ, വെള്ളിയറ.
11.എബി ടി.മാത്യു, താഴത്തേടത്ത്, വടശേരിക്കര.
12.ഷാജി തോമസ്, പനവേലിൽ, അങ്ങാടി.
13.ഷാലോൺ കെ.ഷാജി, പനവേലിൽ അങ്ങാടി.