 
പത്തനംതിട്ട : പത്തനംതിട്ട വില്ലേജ് ഓഫീസ് എവിടെയാണ്. കളക്ടറേറ്റ് വളപ്പിൽ. വരുന്നവരെല്ലാം നേരെ നടന്ന് കളക്ടറേറ്റ് കെട്ടിടത്തിലേക്ക്. മുകളിലെത്തുമ്പോഴാണ് ഓഫീസ് താഴെ ടി.കെ റോഡിന്റെ വശത്താണെന്ന് അറിയുക. വീണ്ടും വില്ലേജ് ഓഫീസ് അന്വേഷിച്ച് താഴേക്കുള്ള നടത്തം. കളക്ടറേറ്റിലെ സ്ഥിരം കാഴ്ചയാണിത്. പത്തനംതിട്ട വില്ലേജ് ഓഫീസ് കളക്ടറേറ്റ് കവാടത്തിനരികെയാണ്. എന്നാൽ ഒരു ബോർഡ് പോലും ഈ പരിസരത്ത് ഇല്ലാത്തതിനാൽ ആർക്കും അങ്ങനൊരു വില്ലേജ് ഓഫീസ് അവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയാൻ കഴിയില്ല. കളക്ടറേറ്റ് കെട്ടിടത്തിൽ രണ്ടാമത്തെ നിലയിലായിരുന്നു മുമ്പ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. പലരും അതിന്റെ ഓർമയിൽ പഴയ സ്ഥലത്തേക്ക് തന്നെ പോകും. പണി പൂർത്തിയായി ഒന്നര വർഷത്തിന് ശേഷമാണ് പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുന്നത്. മുമ്പ് കവാടത്തിനകത്തുണ്ടായിരുന്ന ബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു കളഞ്ഞുവെന്ന് അധികൃതർ പറയുന്നു. രണ്ടാഴ്ചയ്ക്ക് മുമ്പ് കവാടത്തിനോട് ചേർന്ന് വില്ലേജ് ഓഫീസിന്റെ ഭാഗത്ത് മതിൽ കൂടി പണിതതോടെ റോഡിൽ നിന്ന് നോക്കിയാൽ ഈ കെട്ടിടത്തിന്റെ മുകൾഭാഗം മാത്രമേ കാണാനാകൂ. മതിലിന് സമീപം ഒരു ബോർഡ് സ്ഥാപിച്ചാൽ പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്ന് വില്ലേജ് ഓഫീസിലെത്തുന്നവർ പറയുന്നു. നിലവിൽ വില്ലേജ് ഓഫീസ് കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ആവശ്യക്കാർ. പ്രായമായവരിൽ ചിലർ ഏറെ ശ്രമം നടത്തി മുകളിലെ കെട്ടിടത്തിനുള്ളിൽ ചെന്ന് കഴിഞ്ഞാണ് അവിടെ ഒാഫീസ് ഇല്ലെന്ന് അറിയുന്നത്. വീണ്ടും താഴെക്ക് ഇറക്കമിറങ്ങി നടന്നുവരുമ്പോൾ കുഴഞ്ഞുവീണുപോകും. ഇതിനെതിരെ നിരവധി പരാതികളുമുണ്ടാകുന്നുണ്ട്.
" വേഗത്തിൽ ബോർഡ് സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
റോഡിൽ നിന്നാൽ കാണത്തക്ക രീതിയിൽ തന്നെ ബോർഡ് സ്ഥാപിക്കും.
വില്ലേജ് ഓഫീസ് അധികൃതർ