ചെങ്ങന്നൂർ: ഇരട്ടച്ചങ്കനെന്ന് അണികൾ വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് സന്ദർശനത്തിടെ കറൻസി കടത്തിയെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിലൂടെ അദ്ദേഹത്തിന്റെ ഇരട്ട മുഖമാണ് കേരളം കാണുന്നതെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. പത്രസമ്മേളനത്തിൽ പറഞ്ഞു. കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ട വലിയ പാത്രങ്ങളിൽ ബിരിയാണിക്കൊപ്പമുണ്ടായിരുന്ന സാധനങ്ങൾ എന്തൊക്കെയാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. അധികാരത്തിൽ തുടരാൻ അദ്ദേഹത്തിന് ധാർമ്മികമായി അവകാശമില്ല. ഒരു ഇടതുപക്ഷ മുഖ്യമന്ത്രിക്കും ഇത്തരത്തിലൊരു സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. സ്വപ്‌നയുടെ ആരോപണങ്ങൾ ആദ്യമുയർന്നപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പറഞ്ഞ് അവയെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞതായി സി.പി.എം. സംസ്ഥാന സെക്രട്ടറിയടക്കം പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ തൃക്കാക്കര ജനവിധിയിലൂടെ കെ-റെയിൽ സിൽവർലൈൻ പദ്ധതി തള്ളിയ സാഹചര്യത്തിൽ അതും വേണ്ടെന്നു വയ്ക്കാൻ സർക്കാർ തയ്യാറാകുമോയെന്ന് എം.പി. ചോദിച്ചു.