 
കോഴഞ്ചേരി: വസ്തു പോക്കുവരവ് നടത്തിക്കിട്ടാൻ അപേക്ഷനൽകിയ ആളിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചെറുകോൽ വില്ലേജ് ഓഫീസർ രാജീവും ഫീൽഡ് അസിസ്റ്റന്റ് ജിനുവും വിജിലൻസിന്റെ പിടിയിലായി.ചെറുകോൽ സ്വദേശി ഷാജിജോൺ കഴിഞ്ഞമാസം വില്ലേജ് ഓഫീസിൽ വസ്തു പോക്കുവരവ് ചെയ്തുകിട്ടുന്നതിന് അപേക്ഷ നൽകിയിരുന്നു. നാല് തവണ നേരിട്ടെത്തിയും നിരവധി തവണ ഫോൺ മുഖേനയും പോക്കുവരവിനെക്കുറിച്ചുള്ള വിവരം അന്വേഷിച്ചപ്പോൾ ബുദ്ധിമുട്ടുള്ള കേസാണെന്നും കൈയിൽ കുറച്ച് പണം കരുതിക്കൊള്ളണമെന്നും ജിനു പറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ച വില്ലേജ് ഓഫീസിൽ എത്തിയ ഷാജിയോട് ജിനു കൈക്കൂലി ചോദിച്ചു. 500 രൂപ കൊടുക്കാൻ ശ്രമിച്ചപ്പോൾ 5000 രൂപ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ജിനുവിന്റെ മിസ്ഡ് കോൾ കണ്ട് ഷാജി തിരികെ വിളിച്ചപ്പോൾ പണവുമായി ബുധനാഴ്ച ഉച്ചയോടെ വില്ലേജ് ഓഫീസിൽ എത്തിയാൽ ശരിയാക്കിത്തരാം എന്നറിയിച്ചു. ഷാജി പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്.പി ഹരിവിദ്യാധരനെ വിവരം അറിയിച്ചു. തുടർന്ന് വിജിലൻസ് കെണിയൊരുക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വില്ലേജ് ഓഫീസിനുള്ളിൽ വച്ച് കൈക്കൂലി വാങ്ങുമ്പോഴാണ് ഇരുവരും പിടിയിലായത്. പ്രതികളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇൻസ്പെക്ടർമാരായ രാജീവൻ, അനിൽ കുമാർ, അഷറഫ് , സബ്ഇൻസ്പെക്ടർമാരായ ജലാലുദ്ദീൻ റാവുത്തർ സി.പി.ഒമാരായ രാജേഷ് കുമാർ, ഷാജി.പി.ജോൺ, ഹരിലാൽ, അനീഷ് രാമചന്ദ്രൻ, അനീഷ് മോഹൻ, ഗോപകുമാർ, ജിനു, അജീർ, അജീഷ്, രാജീവ്, വിനീത് എന്നിവർ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.