 
അറ്റകുറ്റപ്പണിക്ക് ടെൻഡർ തുക 17 ലക്ഷം, ഏറ്റെടുക്കാൻ ആളില്ല
കോഴഞ്ചേരി: നെടിയത്ത് ജംഗ്ഷൻ - പാമ്പാടിമൺ റോഡിൽ നെടിയത്ത്പടി ഭാഗത്തെ കുഴികൾ അപകടക്കെണിയായി. റോഡിൽ പാകിയിട്ടുള്ള ഇന്റർലോക്ക് കട്ടകൾ പൊട്ടിയാണ് കുഴികൾ രൂപപ്പെട്ടത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. റാന്നി, അയിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കോഴഞ്ചേരിയിലേക്ക് വരുന്ന വണ്ടികൾ നെടിയത്ത്പടിയിൽ എത്തി ഈ വഴിയാണ് കോഴഞ്ചേരിയിലേക്ക് പോകുന്നത്.
സെന്റ് തോമസ് കോളേജിന് മുന്നിലുള്ള റോഡിന്റെ ഭാഗമാണ് പൂർണമായും തകർന്നിരിക്കുന്നത്. റോഡ് തകർന്നത് മൂലം വണ്ടികൾ കുഴികളിൽ ചാടുന്നത് പതിവാണ്. ഇരുചക്രവാഹനകളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. രണ്ട് വർഷത്തോളമായി റോഡ് തകർച്ച നേരിട്ടിട്ട്. കഴിഞ്ഞ പ്രളയത്തിലാണ് ഇവിടം കൂടുതൽ തകർന്നത്. ടൈൽ പാകിയിട്ട് രണ്ട് വർഷത്തിന് മുകളിലായി. ഇന്റർലോക്കിന്റെ അടിയിൽ നിരത്തിയിട്ടുള്ള മണ്ണ് ഒലിച്ചു പോയതും അതിനോട് ചേർന്നുള്ള കലുങ്ക് താഴ്ന്നതുമാണ് റോഡ് തകരാനുള്ള പ്രധാനകാരണം. 17ലക്ഷം രൂപയുടെ ടെൻഡർ വിളിച്ചിട്ടുണ്ടെങ്കിലും ആരും ഏറ്റെടുത്തിട്ടില്ല. തകർന്നുകിടക്കുന്ന ഭാഗത്തെ ടൈൽ മാറ്റി പുതിയവ സ്ഥാപിക്കൽ, ഓട നിർമ്മിച്ച് വെള്ളം ഒഴുകാനുള്ള സംവിധാനം, റോഡിലെ നടപ്പാതയിലെ റാമ്പുകളുടെ പെയിന്റിംഗ്, മറ്റ് അറ്റകുറ്റപ്പണികൾ എന്നിവയാണ് ടെൻഡറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
'' ടെൻഡർ സ്വീകരിക്കാൻ ആളില്ല എന്ന കാരണത്താൽ റോഡ് പണി നടക്കുന്നില്ല. ഇതിനായി പഞ്ചായത്ത് നിരവധി തവണ പൊതുമാരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടിരുന്നു.
ജിജി വർഗീസ് ജോൺ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്
'' പുതിയ ടെൻഡർ പ്രകാരമുള്ള പണികൾ പൂർത്തിയാക്കുമ്പോൾ റോഡിലെ തകരാർ പരിഹരിക്കപ്പെടും.
പൊതുമരാമത്ത് അധികൃതർ.