പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട 86 ാം നമ്പർ ശാഖയിലെ പോഷക സംഘടനയായ അഴൂർ കൊടുന്തറ പ്രാദേശിക സമിതിയിൽ നടന്ന സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്ന് ഭാരവഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സമിതി അംഗങ്ങൾക്ക് വിദ്യാഭ്യാസ, ആശുപത്രി ആവശ്യങ്ങൾക്കും സ്വയംതൊഴിൽ ആവശ്യങ്ങൾക്കുമായി അംഗങ്ങളിൽ നിന്ന് ഓഹരി വാങ്ങി സമിതി ഫണ്ട് സ്വരൂപിച്ചിരുന്നു. 2020-21ലെ ഭരണസമിതി കാലാവധി കഴിഞ്ഞ് പുതിയ ഭരണസമിതി ചുമതല എൽക്കുമ്പോഴാണ് അഴിമതി കണ്ടെത്തുന്നത്.

2018 മുതൽ 2021 വർഷങ്ങളിലെ കണക്കുകൾ ഒാഡിറ്റ് ചെയ്തതിൽ പഴയ സെക്രട്ടറി 44,52,844 രൂപ സമിതി ഫണ്ടിൽ നിന്ന് തട്ടിയെടുത്തിട്ടുണ്ട്. മരണപ്പെട്ട സമിതി അംഗത്തിന്റെ ഓഹരിയായ 4,97,097 രൂപയും പലിശയും ചേർത്ത് 5,50,000 രൂപയും ഇതിൽപ്പെടും. തുക പലിശ സഹിതം ഇയാളിൽ നിന്ന് ഈടാക്കാൻ ജനുവരിയിൽ കൂടിയ പൊതുയോഗത്തിൽ തീരുമാനിച്ചതാണ്. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്കും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പഴയ സെക്രട്ടറിയുടെ രാഷ്ട്രീയ സ്വാധീനം കാരണം അന്വേഷണം നടക്കുന്നില്ല. ബന്ധപ്പെട്ട രേഖകൾ കാണിച്ചിട്ടും പൊലീസ് തെളിവില്ലെന്നാണ് പറയുന്നത്. കേസ് അന്വേഷിക്കേണ്ടതിന് പകരം സാക്ഷികളെ പ്രതിയാക്കുമെന്ന ഭീഷണിയാണ് പൊലീസ് മുഴക്കുന്നത്. പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. പ്രതി കെ. എസ്. ആർ. ടി.സി ജീവനക്കാരനുമാണ്. ടൗണിൽ സ്വകാര്യ മാർക്കറ്റ് നടത്തിവരുന്നതിന് തെളിവുകൾ സഹിതം എം.ഡിയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
പൊലീസിന്റെ നിലപാടുകൾക്കെതിരെ എസ്.എൻ.ഡി.പി അഴൂർ കൊടുന്തറ പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സമിതി പ്രസിഡന്റ് കെ.ആർ.അജിത്കുമാർ, സെക്രട്ടറി രാജപ്പൻ വൈദ്യൻ, അഡ്വ. വി.ആർ.ഹരി എന്നിവർ പെങ്കടുത്തു.