p

പന്തളം: പന്തളം പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്‌സ് കാടുകയറി നശിച്ചു. ഒരേക്കർ അറുപത്തി എട്ട് സെന്റ് സ്ഥലമാണുള്ളത്.

പത്തനംതിട്ട ജില്ല രുപംകൊള്ളുന്നതിന് മുമ്പ് ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്നു പന്തളം.

പന്തളം പൊലീസ് സ്റ്റേഷന്റെ ആരംഭത്തിന് മുമ്പ് പന്തളം സ്റ്റേഷൻ പരിധിയിലുള സ്ഥലങ്ങൾ മാവേലിക്കര പൊലിസ് സ്റ്റേഷന്റെ കീഴിലായിരുന്നു. പന്തളംസ്റ്റേഷനിലെ ജീവനക്കാരെ കൂടാതെ മറ്റ് ജില്ലകളിൽ ജോലി നോക്കുന്നവരും കുടുംബസമേതം ഇവിടെ യാണ് താമസിച്ചിരുന്നത്. 38 കുടുംബങ്ങൾക്ക് താമസിക്കുന്നതിനുള സൗകര്യംഇവിടെ ഉണ്ടായിരുന്നു. 80 വർഷം മുമ്പ് പണിത കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്ന് മഴക്കാലത്ത് വെള്ളംചോർന്നൊലിച്ച് ഭിത്തികൾ വിണ്ടുകീറി. പലതും നിലംപൊത്തി. അതിനാൽ ആരും താമസിക്കുന്നില്ല.

പന്തളത്ത് സി.ഐ.ഓഫീസ് അനുവദിച്ചപ്പോൾ ഇതിലൊരു കെട്ടിടത്തിലായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. പിന്നീടാണ് പുതിയ സി.ഐ.ഓഫീസ്, സി .ഐ.ക്ക് വസതി എന്നിവ നിർമ്മിച്ചത്. കമ്മ്യൂണിറ്റി പൊലീസ് റിസോഴ്‌സ് സെന്ററും ഈ വളപ്പിലാണ് പണിതത്.

ഡ്യൂട്ടിക്ക് എത്തുന്ന പൊലീസുകാരുടെ വിശ്രമ കേന്ദ്രമായി വല്ലപ്പോഴും ഉപയോഗിക്കാറുണ്ടായിരുന്നു. ഇപ്പോൾ അവർക്കും വേണ്ട.
പന്തളം സ്റ്റേഷൻ കൃഷി വകുപ്പുമായി ചേർന്ന് കുറച്ച് സ്ഥലത്ത് കൃഷിചെയ്യുന്നുണ്ട്. ബാക്കി സ്ഥലം കാടുകയറി കിടക്കുകയാണ്.

തൊണ്ടി മുതലായി കസ്റ്റഡിയിലെടുത്തിട്ടുള്ള നിരവധി വാഹനങ്ങൾ ഇവിടെ ഇട്ടിരിക്കുകയാണ്. പാമ്പിന്റെയും പട്ടികളുടെയും ആവാസകേന്ദ്രമാണ്. ചുറ്റുമതിലിന്റെ പല ഭാഗങ്ങളും തകർന്നു.


ഫയർസ്റ്റേഷന് നൽകൂ...

എം.സി.റോഡിന് സമീപവും പന്തളം ജംഗ്ഷനോടു ചേർന്നു മുള്ള കോടികൾ വിലമതിക്കുന്ന സ്ഥലമാണ് കാടുകയറി നശിക്കുന്നത്. ഇൗ സ്ഥലം പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.യ

പന്തളത്ത് ഫയർ സ്റ്റേഷൻ അനുവദിച്ചിട്ട് രണ്ടുപതിറ്റാണ്ടു കഴിഞ്ഞു.സ്ഥലമില്ലാത്തതിനാലാണ് കെട്ടിടം നിർമ്മിക്കാത്തത്. ഫയർ സ്റ്റേഷന് ഇൗ സ്ഥലം വിട്ടുനൽകണമെന്നും ആവശ്യമുണ്ട്.

പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ ക്വാർട്ടേഴ്‌സിസിനു വേണ്ടി ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്

എസ് ശ്രീകുമാർ

പന്തളം എസ്.എച്ച്.ഒ