
പത്തനംതിട്ട: വളർത്തുനായ്ക്കളിൽ പടരുന്ന മാരക വൈറൽ പനി (കനൈൻ ഡിസ്റ്റമ്പർ) തടയാൻ നടപടികളെടുക്കുമെന്ന് മന്ത്രി ചിഞ്ചുറാണി കേരളകൗമുദിയോട് പറഞ്ഞു. ഇതുസംബന്ധിച്ച് ജൂൺ എട്ടിന് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വാർത്ത ശ്രദ്ധയിൽപ്പെട്ട ശേഷം അസുഖം വരുന്ന നായ്ക്കളുടെ കണക്ക് ശേഖരിക്കുന്നുണ്ട്. അസുഖം വരാതിരിക്കാൻ എടുക്കുന്ന മെഗാവാക് വാക്‌സിന് മെഡിക്കൽ സ്റ്റോറുകളിൽ മാത്രം ഒന്നിന് 500-700 രൂപയാണ്. മൃഗാശുപത്രികളിൽ കൂടി സബ്സിഡി നിരക്കിൽ വാക്‌സിൻ നൽകാൻ സാധിക്കുമോയെന്ന കാര്യം സർക്കാർ പരിശോധിക്കും.
വൈറൽ രോഗമായതിനാൽ കൃത്യമായ ചികിത്സ സാദ്ധ്യമല്ല. നാഡികളെയും പേശികളെയും ബാധിക്കുന്നതുകൊണ്ട് രക്ഷപ്പെടുന്ന നായ്ക്കളിൽ ഭൂരിഭാഗവും പഴയ ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നില്ല.
മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള ആശുപത്രികൾ വഴി രോഗങ്ങളെക്കുറിച്ചും അതിന്റെ പ്രതിരോധ കുത്തിവയ്പിനെക്കുറിച്ചും ബോധവത്കരണം നടത്തും. മൃഗങ്ങളിൽ നിന്ന് ഈ അസുഖം മനുഷ്യരിലേക്ക് പകരില്ലെന്നാണ് ഡോക്ടർമാരുടെ നിഗമനമെന്ന് മന്ത്രി പറഞ്ഞു.