
കടമ്പനാട്: കെ.ഐ പി കനാൽ ശ്രൃംഖലയുടെ ഭാഗമായ കടമ്പനാട്ടെ അക്യുഡേറ്റർ തകർച്ചയിൽ . 45 വർഷത്തെ പഴക്കമുണ്ട്. പിന്നീട് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ശാസ്താംകോട്ട ബ്രാഞ്ച് കനാലിന്റെ ഭാഗമായ മണക്കാല വഴി കടന്നുപോകുന്ന കനാൽ കടമ്പനാട് ഗേൾസ് ഹൈസ്കൂളിന്റെ ഭാഗത്തെത്തുമ്പോഴാണ് അക്യുഡേറ്റർ വഴി വെള്ളം ഒഴുക്കി ഇ.എസ്.ഐ ജംഗ്ഷനിലെത്തി വീണ്ടും കനാലിലേക്ക് പ്രവേശിക്കുന്നത്. അടിഭാഗവും ഇരുവശവും ദ്രവിച്ച് പ്ലാസ്റ്റർ ഇളകിമാറി കമ്പി തെളിഞ്ഞിരിക്കുകയാണ്. വെള്ളം തുറന്നു വിടുമ്പോഴും മഴ പെയ്ത് വെള്ളം നിറയുമ്പോഴും കമ്പി തെളിഞ്ഞ ഭാഗങ്ങളിലൂടെ ചോരുന്നുണ്ട്. അക്യു ഡേറ്ററിന്റെ അരികിലൂടെയാണ് കനാൽ റോഡ് കടന്നുപോകുന്നത്. ഏതു നിമിഷവും നിലംപൊത്താറായ അവസ്ഥയിലായ അക്യു ഡേറ്റർ യാത്രക്കാർക്കും ഭീഷണിയാണ്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഇതിലൂടെ ഒഴുകിപ്പോകുന്നത്. സമീപത്ത് നിരവധി വീടുകളും സ്ഥാപനങ്ങളും ഉണ്ട് . കെ.ആർ കെ.പി.എം സ്കൂളിലെയും ഗേൾസ് സ്കൂളിലെയും കുട്ടികൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. എപ്പോഴും വാഹനങ്ങൾ പോകുന്നതിനാലും അപകട സാദ്ധ്യത വളരെ കൂടുതലാണ്. കനാൽ റോഡും തകർന്നു കിടക്കുകയാണ്. എല്ലാവർഷവും ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി അറ്റകുറ്റപ്പണിക്ക് ശുപാർശ ചെയ്യാറുണ്ടെങ്കിലും കെ.ഐ.പിക്ക് ഫണ്ട് കുറവായതിനാൽ അനുവദിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അടിയന്തരമായി അക്യു ഡേറ്റർ ബലപ്പെടുത്തുകയോ പുതിയത് നിർമ്മിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.