പത്തനംതിട്ട: വസ്തു പോക്കുവരവ് സംബന്ധമായി വയത്തല സ്വദേശിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്ത ചെറുകോൽ വില്ലേജ് ഓഫീസർ എസ്.രാജീവ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ജിനു തോമസ് എന്നിവരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉത്തരവിട്ടു.

കഴിഞ്ഞ ശനിയാഴ്ച വില്ലേജ് ഓഫീസിൽ എത്തിയ അപേക്ഷകൻ ഷാജിയോട് ജിനു കൈക്കൂലി ചോദിച്ചിരുന്നു. 500 രൂപ കൊടുക്കാൻ ശ്രമിച്ചപ്പോൾ 5000 ആവശ്യപ്പെട്ടു. തിങ്കളാഴ്ച ജിനുവിന്റെ മിസ്ഡ് കോൾ കണ്ട് ഷാജി തിരികെ വിളിച്ചപ്പോൾ പണവുമായി ബുധനാഴ്ച ഉച്ചയോടെ വില്ലേജ് ഓഫീസിൽ എത്തിയാൽ ശരിയാക്കിത്തരാം എന്നറിയിച്ചു. ഷാജി പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്.പി ഹരിവിദ്യാധരനെ വിവരം അറിയിച്ചു. തുടർന്ന് വിജിലൻസ് കെണിയൊരുക്കുകയായിരുന്നു. പണം കൈമാറുമ്പോൾ കയ്യോടെ വില്ലേജ് ഒാഫീസറെയും അസിസ്റ്റൻഡിനെയും പിടികൂടി. ഇരുവരും റിമാൻഡിലാണ്.