ചെങ്ങന്നൂർ: . മാവേലിക്കര - ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിൽ ചെങ്ങന്നൂർ പേരിശ്ശേരി റെയിൽവേ അടിപ്പാതയുടെ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിൽ നിന്ന് ആറ് ലക്ഷം രൂപ അനുവദിച്ചു. നിർമ്മാണ പ്രവൃത്തികൾ ശനിയാഴ്ച ആരംഭിക്കുമെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. എന്നിവയ്ക്കു പുറമേ എം.സി റോഡിലേക്ക് പോകേണ്ട യാത്രക്കാരുമാണ് ഏറെയും ബുദ്ധിമുട്ടിയിരുന്നത്. അടിപ്പാതയിലെ ദുരിതയാത്രയെപ്പറ്റി കേരളകൗമുദി നിരവധി തവണ വാർത്ത നൽകിയിരുന്നു. പരാതികൾ ഏറുമ്പോൾ അധികാരികൾ സ്ഥലം സന്ദർശിച്ച് താത്കാലിക പണികൾ നടത്തുമെങ്കിലും പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടായിരുന്നില്ല. റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിന്റെ താഴെയുള്ള ഭാഗത്തു കൂടിയാണ് പാത കടന്നു പോകുന്നത്. 10 മീറ്ററാണ് അടിപ്പാതയുടെ നീളം. പാതയിലൂടെ നേരത്തെ ടെലിഫോൺ കേബിളുകൾ സുരക്ഷിതമായി കടന്നു പോകാൻ കോൺക്രീറ്റ് ബോക്സ് നിർമ്മിച്ചിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ ഇതുകുറച്ച് പൊളിച്ചെങ്കിലും പദ്ധതി വിജയിച്ചില്ല. അടിപ്പാതയിലെ റോഡ് നിരപ്പാക്കി സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കിക്കളയാൻ അഞ്ചു വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. റെയിൽവേയുടെ അനുമതി തേടി കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ അന്ന് പറഞ്ഞിരുന്നത്. ഇത്തവണ വെള്ളക്കെട്ടു പൂർണമായും ഒഴിവാക്കുന്ന തരത്തിലായിരിക്കും നിർമ്മാണം. ഇന്റർലോക്ക് കട്ടകൾ ഒഴിവാക്കി പാത പൂർണമായും കോൺക്രീറ്റ് ചെയ്യും. ഒരു വശത്തുകൂടി മാത്രം ഗതാഗതം ക്രമീകരിക്കും. പണികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാകാൻ കഴിയുമെന്നാണ് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ബി. വിമൽ പറഞ്ഞു.