 
കോന്നി: ചാങ്കൂർ ജംഗ്ഷനിലെ കഴിഞ്ഞ പ്രളയത്തിൽ തകർച്ച നേരിട്ട പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ അടിഭാഗത്തെ കൽക്കെട്ടുകൾക്ക് കഴിഞ്ഞ പ്രളയത്തിലെ കുത്തൊഴുക്കിൽ നാശം സംഭവിച്ചിരുന്നു. തുടർന്ന് പാലത്തിന്റെ ഇരുവശത്തും നാട്ടുകാർ ടാർ വീപ്പകൾ നിരത്തി വച്ച് റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് അപകട സൂചനയും നൽകി. ഇപ്പോൾ റോഡിനിരുവശവും കാടുകൾ വളർന്നു ടാർ വീപ്പകൾ കാണാതായിട്ടുണ്ട്. റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് ഇവിടെ ചെറിയ പാലമുണ്ടെന്നു അറിയാൻ കഴിയില്ല. പാലത്തിന്റെ കൈവരികളിലും കാടു വളർന്നു നിൽക്കുകയാണ് പ്രളയത്തിൽ പാലത്തിനടിയിലെ കല്ലുകൾ ഒലിച്ചുപോയ ഭാഗത്ത് അള്ളുകളും രൂപപ്പെട്ടിണ്ട്. കോന്നി തണ്ണിത്തോട് റോഡിൽ സഞ്ചരിക്കുന്ന വാഹനങ്ങളും, കോന്നി വെട്ടൂർ കുമ്പഴ റോഡിൽ സഞ്ചരിക്കുന്ന വാഹനങ്ങളും തണ്ണിത്തോട് വഴി ചിറ്റാർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും, കൊന്നപ്പാറ, അട്ടച്ചാക്കൽ, കിഴക്കുപുറം, ചെങ്ങറ, ചെമ്മാനി ആവോലികുഴി, കണ്ണൻമല ഭാഗങ്ങളിലെക്ക് പോകുന്ന വാഹനങ്ങളും ഈ പാലത്തിലൂടെയാണ് കടന്നു പോകുന്നത്. പയ്യനാമൺ, അട്ടച്ചാക്കൽ ഭാഗത്തെ ക്രഷർ യൂണിറ്റുകളിൽ നിന്നും ലോഡ് കയറ്റി വരുന്ന നിരവധി ടോറസ്, ടിപ്പർ ലോറികളും പാലത്തിലൂടെ കടന്നു പോകുന്നുണ്ട്.അപകടാവസ്ഥയിലായ പാലത്തിന്റെ അറ്റകുറ്റപണികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.