മല്ലപ്പള്ളി :പുറമറ്റം പഞ്ചായത്തിൽ സ്വന്തം പ്രസിഡന്റിനെ പുറത്താക്കാൻ അവിശ്വാസ പ്രമേയവുമായി എൽ.ഡി.എഫ് . മുന്നണിയിലെ 6 അംഗങ്ങൾ കോയിപ്രം ബി.ഡി ഒയ്ക്ക് നോട്ടീസ് നൽകി. അഞ്ചാം വാർഡിൽ എൽ.ഡി .എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച സൗമ്യ ജോബിക്ക് നൽകിയ ഒരു വർഷ കാലാവധി 2021 ഡിസംബർ 29 ന് കഴിഞ്ഞിട്ടും രാജിവയ്ക്കാത്തതിനെ തുടർന്നാണ് അവിശ്വാസ നടപടി. 13 അംഗഭരണ സമിതിയിൽ എൽ.ഡി.എഫ് 7, യു.ഡി.എഫ് 6 എന്നതാണ് കക്ഷിനില. സി.പി. എമ്മിലെ സാബു ബഹനാൻ, ഷിജു പി. കരുവിള, കെ. ഒ മോഹൻദാസ് , സ്വതന്ത്ര അംഗങ്ങളായ ശോശാമ്മ തോമസ്, റേച്ചൽ ബോബൻ , റോഷ്നി ബിജു എന്നിവരാണ് അവിശ്വാസത്തിന് ഒപ്പുവച്ചിരിക്കുന്നത്.പാർട്ടി നേതൃത്വം അറിഞ്ഞാണ് നീക്കമെന്ന് പ്രദേശിക നേതാക്കൾ പറയുന്നു. യു. ഡി. എഫിലെ ഒരു അംഗം എൽ. ഡി. എഫിലേക്ക് എത്താൻ സാദ്ധ്യതയുള്ളതായി അഭ്യൂഹമുണ്ട്. യു.ഡി.എഫ് കക്ഷിനില നിലനിറുത്തുകയും നിലവിലെ പ്രസിഡന്റ് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്താൽ ഭരണമാറ്റത്തിനും സാദ്ധ്യതയുണ്ട്. പ്രസിഡന്റു സ്ഥാനം രാജിവയ്ക്കുന്നതിന് തനിക്ക് അറിയിപ്പ് രേഖാമൂലം ലഭിച്ചിട്ടില്ലെന്ന് സൗമ്യ ജോബി പറയുന്നു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് 9 യു.ഡി.എഫ് അംഗങ്ങളുണ്ടായിട്ടും അവസാന സമയം എൽ.ഡി. എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫിലെ 4 അംഗങ്ങൾ അനുകൂലിച്ച് വോട്ടുചെയ്തിനാൽ എൽ. ഡി .എഫിന് ഭരണത്തിൽ എത്താൻ കഴിഞ്ഞിരുന്നു.