 
കോന്നി: പുനലൂർ- മുവാറ്റുപുഴ സംസ്ഥാന പാത വികസനത്തിലെ ഓടകളുടെ നിർമ്മാണത്തിലെ പരാതിയെ തുടർന്ന് ഓടകൾ കെ.എസ്.ടി.പി അധികൃതർ പൊളിച്ചുമാറ്റി. മഴപെയ്തു ചെളിവെള്ളം നിറഞ്ഞു നിൽക്കുന്ന ഓടയിൽ ചെളിവെള്ളവും മണ്ണും നീക്കം ചെയ്യാതെ കോൺക്രീറ്റ് നടത്തുന്നെന്ന വാർത്ത കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു ഇവിടെ പുതിയ ഓടകൾ നിർമ്മിക്കാനാണ് നീക്കം . കോന്നി-പുനലൂർ റീച്ചിലെ വകയാർ, മ്ലാന്തടം, മുറിഞ്ഞകല്ല്, നെടുമൺകാവ്, ഇഞ്ചപ്പാറ, ഗാന്ധി ജംഗ്ഷൻ, കൂടൽ, കലഞ്ഞൂർ മേഖലകളിലെല്ലാം ഇത്തരത്തിലാണ് പണികൾ നടത്തിയത് . ചെളിവെള്ളത്തിലേക്ക് കോൺക്രീറ്റ് മിക്സർ ഒഴിക്കുന്നത് കോൺക്രീറ്റിന്റെ ബലക്ഷയത്തിനു ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ചോദ്യം ചെയ്ത സംഭവവുമുണ്ടായി. ഓടകളിലേക്ക് കാർഡ് പാസിംഗ് സിസ്റ്റം ഇല്ലാതെയാണ് കോൺക്രീറ്റ് ഒഴിച്ചത്. വെള്ളം കെട്ടിനിൽക്കുന്ന ഓടകളിൽ ഐ എസ് ഐ സ്റ്റാൻഡേർഡ് കവർ ബ്ലോക്കോ കരിങ്കൽ ചീളുകളോ ഇടാതെയാണ് നിർമ്മാണം നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഓടകളുടെ പണികൾ നിരീക്ഷിക്കാൻ കെ.എസ്. ടി.പി ഉദ്യോഗസ്ഥരോ കരാർ കമ്പനികളുടെ പ്രതിനിധികളോ എത്തുന്നില്ല എന്ന ആരോപണവുമുണ്ടായിരുന്നു.ഇപ്പോൾ മുറിഞ്ഞകല്ല് ജംഗ്ഷന് സമീപം ഓടകൾ പൊളിച്ചു മാറ്റിത്തുടങ്ങി. ഇതുസംബന്ധിച്ച് മുറിഞ്ഞകല്ല് സ്വദേശി പി.കെ. വിശ്വംഭരൻ പൊതുമരാമത്ത് വകുപ്പ്മന്ത്രിക്കും, കെ.എസ്. ടി.പി അധികൃതർക്കും കേരളകൗമുദി വാർത്ത സഹിതം പരാതി നൽകിയിരുന്നു.