തിരുവല്ല: താലൂക്ക് ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്നു. ആശുപത്രി വളപ്പിലെ പ്രധാന കെട്ടിടമായ ഐ.പി ബ്ലോക്കിന് പിന്നിലായി മലിനജലം തളംകെട്ടി കിടക്കുകയാണ്. കെട്ടിടത്തിന്റെ പിന്നിലേക്ക് പോകുന്ന വഴിയിലും ഈ മലിനജലം പരന്നൊഴുകി രോഗികൾക്ക് ഉൾപ്പെടെ ദുരിതമായിരിക്കുകയാണ്. കെട്ടിടത്തിന്റെ ചുറ്റുപാടും വൃത്തിഹീനമായി കിടക്കുന്നതിനൊപ്പം മലിനജലം കൂടി കെട്ടിക്കിടക്കുന്നതിനാൽ സാംക്രമീക രോഗഭീതിയിലാണ് രോഗികൾ. പഴയ സെപ്റ്റിക് ടാങ്ക് കാലപ്പഴക്കത്താലും മറ്റു സാങ്കേതിക പ്രശ്‌നങ്ങളാലും പ്രവർത്തനരഹിതമായതാണ് പ്രശ്നത്തിന് കാരണം. ഇത് പെട്ടെന്ന് നിറയുകയും വെള്ളം കയറുകയും ചെയ്യുന്നതിനാൽ ശുചീകരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആശുപത്രിയിലെ മാലിന്യ സംസ്‌കരണത്തെയും പ്രശ്‌നം പ്രതികൂലമായി ബാധിച്ചു. അറ്റകുറ്റപ്പണികൾ നടത്തി പഴയ ടാങ്ക് ഉപയോഗിക്കാനാണ് തീരുമാനം. എന്നാൽ ഇതിനായി ടെൻഡർ വിളിച്ചെങ്കിലും ആരും ഏറ്റെടുത്തിട്ടില്ല. വീണ്ടും ടെൻഡർ വിളിച്ചിരിക്കുകയാണ്. ഇതുകാരണം ആശുപത്രി വളപ്പിൽ മലിനജലം ഇപ്പോഴും കെട്ടിക്കിടക്കുകയാണ്.
പുതിയ ടാങ്ക് നിർമ്മിക്കും
മാലിന്യ സംസ്ക്കരണത്തിനായി തിരുവല്ല താലൂക്ക് ആശുപത്രിയിൽ രണ്ട് പുതിയ സെപ്റ്റിക് ടാങ്കുകൾ പണിയാൻ നടപടി തുടങ്ങി. പുതിയ ടാങ്ക് പണിയാൻ ആശുപത്രി അധികൃതർ നഗരസഭയുടെ അനുമതി തേടിയിരുന്നു. ഇതിന് നഗരസഭ അനുമതി നൽകിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 11 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് സെപ്റ്റിക് ടാങ്കുകൾ പണിയാനാണ് തീരുമാനം. 10 ലക്ഷം ചെലവഴിച്ച് വലിയൊരു ടാങ്കും മറ്റൊരു ചെറിയ ടാങ്കും നിർമ്മിക്കും.