 
കോഴഞ്ചേരി: എം.എൽ.എയുടെ 2018 - 2019 വർഷത്തെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് തെക്കേമലയിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ എന്തിന് എന്ന ചോദ്യം ഉയരുന്നു. പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമായ ഇവിടെ
സിഗ്നൽ ലൈറ്റുകൾ നിറുത്തിയിടുകയാണ് പതിവ്. ഇവ പ്രവർത്തിക്കുമ്പോൾ തെക്കേമല ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വാഹനങ്ങളുടെ നീണ്ടനിരയാകും പിന്നീട് . അത്യാവശ്യ സർവീസിനും പോലും കടന്നു പോകാൻ പറ്റാത്ത സ്ഥിതിയാകും. ജംഗ്ഷനിലെ റോഡിന്റ വീതി കുറവും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
സിഗ്നൽ നിറുത്തിയിടാൻ കാരണം
സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിച്ചാൽ ജംഗ്ഷനിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 17 സെക്കൻണ്ട് മാത്രം ദൈർഘ്യമുള്ള സിഗ്നൽ മൂലം കൃത്യമായി വണ്ടികൾക്ക് പോകാൻ സാധിക്കുന്നില്ല. വലിയ വണ്ടികൾ വരുന്നതും ബസ് സ്റ്റോപ്പുകൾ പുന:ക്രമീകരിക്കാത്തതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. പലപ്പോഴും വാഹനങ്ങൾ നിരനിരയായി നിറുത്തിയിടുകയാണ് ഏക പോംവഴി. തിരക്ക് നിയന്ത്രിക്കാൻ സ്ഥാപിച്ചതാണെങ്കിലും സിഗ്നൽ കാരണം തിരക്ക് വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിൽ ഇവിടെ.12.5 ലക്ഷത്തോളം രൂപ ചെലവാക്കി പണികഴിപ്പിച്ച സിഗ്നൽ ലൈറ്റുകൾ ഇപ്പോൾ ഇവിടെ പ്രവർത്തിപ്പിക്കുന്നില്ല.
ജംഗ്ഷനോട് ചേർന്ന് ബസ് സ്റ്റോപ്പ്
ചെങ്ങന്നൂർ നിന്ന് പത്തനംതിട്ടയിലേക്കും തിരികെയും പോകുന്ന ബസുകൾ കോഴഞ്ചേരി സ്റ്റാൻഡിൽ എത്തി വേണം തിരിഞ്ഞു പോകാൻ. ജംഗ്ഷനോട് ചേർന്നു തന്നെ ബസ് നിറുത്തുന്നതും ഗതാഗത പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ചെങ്ങന്നൂരിൽ നിന്ന് വരുന്ന ബസുകൾ കോഴഞ്ചേരിക്ക് തിരിയുന്നത് വളരെ പ്രയാസപ്പെട്ടാണ്. വളവ് കൃത്യമായി കാണാൻ സാധിക്കാത്തതും റോഡിന്റെ വീതിക്കുറവുമാണ് പ്രധാന പ്രശ്നമെന്നും അശാസ്ത്രീയമായണ് സിഗ്നലുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എന്നുമാണ് യാത്രക്കാരുടെ പക്ഷം. സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതിന് ശേഷം നിരവധി അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്.
...................................
സിഗ്നൽ സ്ഥാപിക്കാൻ ചെലവായത്12.5 ലക്ഷം
........................
ആറന്മുള കോഴഞ്ചേരി പത്തനംതിട്ട റോഡുകൾ ഒരുമിച്ചു ചേരുന്ന ഇവിടെ സിഗ്നൽ ലൈറ്റുകൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്. ട്രാഫിക്ക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിച്ചാലും റോഡിൽ തിരക്ക് വർദ്ധിക്കുകയാണ് ചെയ്യുന്നത്. റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടുവേണം ട്രാഫിക് സിഗ്നൽ വീണ്ടും പ്രവർത്തിപ്പിക്കാൻ
അനിൽ
(പ്രദേശവാസി)