 
പത്തനംതിട്ട : നഗരസഭ അഞ്ചാം വാർഡിൽ വഞ്ചികപൊയ്ക കോയിക്കലേത്ത് ജംഗ്ഷനിൽ റോഡരികിൽ നിൽക്കുന്ന ഉണങ്ങിയ തെങ്ങ് നാട്ടുകാർക്ക് ഭീഷണിയാകുന്നു. സ്കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാർ കടന്നുപോകുന്ന റോഡാണിത്. തെങ്ങ് പരിപൂർണമായും ഉണങ്ങിയ നിലയിലാണ്. ഇത് ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും അടിയന്തരമായി മുറിച്ചുമാറ്റണമെന്നും കാണിച്ച് നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ജാസിംകുട്ടി നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭ,പൊതു മരാമത്ത്, വില്ലേജ്, വനം എന്നീ വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. തെങ്ങ് മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി എസ്.ഷെർലാ ബീഗം പറഞ്ഞു.