ss
ശാന്തി കുമാരി

പത്തനംതിട്ട: വാര്യാപുരത്തെ ഫർണിച്ചർ വ്യാപാരി സുദർശനനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇലന്തൂർ കുറ്റിയിൽ സുധീർ മൻസിലിൽ ശാന്തി കുമാരി (42) യെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ പത്തനംതിട്ട നഗരത്തിൽ നിന്നാണ് ഇവരെ സി.ഐ ജിബു ജോൺ, എസ്.ഐ ആതിര എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. സുദർശനനെ മർദ്ദിക്കുന്നതിന് യുവാക്കളെ ഏർപ്പാടാക്കിയത് ശാന്തികുമാരിയാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഭർത്താവ് സുധീറിനെ ഫർണിച്ചർ കടയിൽ വിളിച്ചുവരുത്തി മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ശാന്തി കുമാരിയും സുദർശനനുമായി തർക്കമുണ്ടായിരുന്നു. വീട്ടിലെ ചത്ത പശുക്കിടാവിനെ കഴിച്ചിടാനെത്തിയ യുവാക്കളോട് സുദർശനൻ ശല്യം ചെയ്യുന്നതായും ഒരു പണി കൊടുക്കണമെന്നും ശാന്തി കുമാരി ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് സംഘം ചേർന്ന് സുദർശ നെ മർദ്ദിച്ചത്. ഹോട്ടൽ നടത്തിപ്പുകാരിയായ ശാന്തി കുമാരി യുവാക്കൾക്ക് ഭക്ഷണവും 500 രൂപയും പ്രതിഫലം നൽകി. ഇവരുടെ ഭർത്താവ് ഒളിവിലാണ്. നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.