കൊച്ചി: ചെങ്ങന്നൂരിലെ സ്നേഹധാര ചാരിറ്റബിൾ ട്രസ്റ്റിന് മതിയായ രജിസ്ട്രേഷനില്ലെന്നതടക്കമുള്ള റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സർക്കാർ വിശദീകരണ പത്രിക നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. അന്തേവാസികളെ ഇവിടെ നിന്നു മാറ്റാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡന്റും വിശദീകരണം നൽകണം. സ്നേഹധാര ട്രസ്റ്റിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചതു ചോദ്യം ചെയ്ത് ട്രസ്റ്റ് പ്രസിഡന്റ് നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ നിർദ്ദേശങ്ങൾ നൽകിയത്. ഹർജി അടുത്ത ദിവസം വീണ്ടും പരിഗണിക്കും.

അന്തേവാസികളോടു മനുഷ്യത്വരഹിതമായി പെരുമാറുന്നെന്ന് ചൂണ്ടിക്കാട്ടി സ്നേഹധാര മാനേജ്മെ‌ന്റിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി ഇവരുടെ ഹർജിയിൽ ഉപഹർജി നൽകിയിരുന്നു. സ്ഥാപനം സന്ദർശിച്ച് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ സാമൂഹ്യ നീതി ഓഫീസറും സംയുക്തമായി നൽകിയ റിപ്പോർട്ടും ഹാജരാക്കി. അനധികൃത കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും അനാഥാലയമെന്ന് രജിസ്റ്റർ ചെയ്തിട്ടു മാനസികരോഗികളെ പാർപ്പിക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. സ്നേഹധാരയ്ക്ക് മാനസികാരോഗ്യ നിയമപ്രകാരം രജിസ്ട്രേഷനില്ലെന്നും അന്തേവാസികൾക്ക് ശരിയായ ഭക്ഷണമോ ചികിത്സയോ നൽകുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപന പരിസരത്ത് അനുമതിയില്ലാതെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതും ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ഈ വിഷയങ്ങളിൽ സാമൂഹ്യ ക്ഷേമ വകുപ്പ് സെക്രട്ടറി വിശദീകരണ പത്രിക നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
അന്തേവാസികളെ മാറ്റാനും നടപടി സ്വീകരിക്കണം,