അടൂർ : കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച മലക്കപ്പാറ, വാഗമൺ ഉല്ലാസയാത്ര ഹിറ്റായതിന്റെ ചുവട് പിടിച്ച് അടൂർ ഡിപ്പോയിൽ നിന്നും കുമരകം ബോട്ടിംഗിനും, രണ്ട് ദിവസത്തെ മൂന്നാർ ഉല്ലാസയാത്രയും ആരംഭിക്കുന്നു. ജൂൺ 16, 25 തീയതികളിലാണ് കുമരകം കായലിലൂടെ കുറഞ്ഞ ചെലവിൽ ഉല്ലാസയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. അടൂരിൽ നിന്നും പുറപ്പെടുന്ന ബസ് കുമരകത്ത് എത്തി കഴിഞ്ഞാൽ അവിടെനിന്നും വൈകിട്ട് കായലിലൂടെ ഹോസ്ബോട്ടിൽ ഉല്ലാസയാത്ര. ബോട്ടിനുള്ളിലെ ഭക്ഷണം ഉൾപ്പെടെ1050 രൂപയാണ് ഈടാക്കുന്നത്. 17നാണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന മൂന്നാർ യാത്ര. 1600 രൂപയാണ് ഇതിന്റെ നിരക്ക്. ആദ്യ ദിവസം മൂന്നാർ ടീ മ്യൂസിയം, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപ്പെട്ടി, ഫോട്ടോ പോയിന്റ് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം കെ.എസ്.ആർ.ടി.സിയുടെ എ.സി സ്ളീപ്പർ ബസിൽ രാത്രി ഉറക്കം. രണ്ടാംദിനം കാന്തല്ലൂർ, മറയൂർ, പെരുമല ആപ്പിൾ സ്റ്റേഷൻ, മൂന്നാർ പാർക്ക്‌ എന്നിവിടങ്ങളും സന്ദർശിച്ച് വൈകിട്ട് പുറപ്പെട്ട് തിരികെ അടൂരിലെത്തും. ബുക്കിംഗിനും അന്വേഷണങ്ങൾക്കുമായി 9846460020, 9846174215, 9447302611, 9207014930 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.