അടൂർ : അന്തരിച്ച എൻ.സി.പി സംസ്ഥാന കമ്മിറ്റി മുതിർന്ന അംഗവും സിനിമാ താരവുമായ അടൂർ നരേന്ദ്രന്റെ വീട് മന്ത്രി എ.കെ.ശശീന്ദ്രൻ സന്ദർശിച്ചു. വീട്ടിലെത്തിയ അദ്ദേഹം അരമണിക്കൂറോളം കുടുംബാംഗങ്ങളുമായി ദു:ഖം പങ്കുവച്ചു. പാർട്ടിക്കും കലാസാംസ്ക്കാരിക രംഗത്തും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാര്യ പി.കെ.പത്മിനി, മകൻ അഡ്വ.സന്ദീപ് രാജ്, എന്നിവരുടേയും മറ്റ് കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കുചരുന്നതായും മന്ത്രി പറഞ്ഞു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു ജോർജ്, സെക്രട്ടറി എം.അലാവുദ്ദീൻ, പാർട്ടി ന്യൂനപക്ഷ സെൽ ചെയർമാൻ എൽ.എസ്.സുരേഷ്, കലാ സംസ്കൃതി സംസ്ഥാന വൈസ് ചെയർമാൻ രാജൻ അനശ്വര,പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം മുണ്ടപ്പള്ളി അനിൽ,ജില്ലാ സെക്രട്ടറി ശശികുമാർ താന്നിക്കൽ, ജില്ലാ കമ്മിറ്റിയംഗം അജി ചരുവിള തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.