anu
പ്രതി അനുലാൽ

അടൂർ : കാപ്പ നിയമപ്രകാരം കൊല്ലം ജില്ലയിൽ നിന്ന് പുറത്താക്കപ്പെട്ട നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി.കൊല്ലം അറയ്ക്കൽ ചന്ദ്രമംഗലത്ത് വീട്ടിൽ ചന്തു (അനുലാൽ-25) ആണ് അടൂർ പൊലീസിന്റെ പിടിയിലായത്. സാമൂഹ മാദ്ധ്യമങ്ങൾ വഴി സൗഹൃദത്തിലായ ഏനാത്ത് സ്വദേശിനിയായ പതിനഞ്ചുകാരിയെ ഫെബ്രുവരി ആദ്യവാരം ആലപ്പുഴ ബീച്ചിന് സമീപമുള്ള ലോഡ്ജിലെത്തിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അടൂർ ഡിവൈ. എസ് .പി ആർ. ബിനുവിന്റെ മേൽനോട്ടത്തിൽ അടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചാലക്കുടിയിൽ നിന്ന് ഇന്നലെ പുലർച്ചെയോടെയാണ് പ്രതിയെ പിടികൂടിയത്.

കാമുകിക്കൊപ്പം തമിഴ്നാട്ടിലേക്ക് ബൈക്കിൽ കടക്കാൻ ശ്രമിക്കവെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു

അഞ്ചൽ, പുനലൂർ, കൊട്ടാരക്കര തുടങ്ങിയ പൊലീസ് സ്‌റ്റേഷനുകളിലായി പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കൊല്ലം ജില്ലയിൽ നിന്നാണ് നാടുകടത്തിയത്.

പൊലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ്, എസ്.ഐ മനീഷ്.എം, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്,രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.എസ്.ഐ ബിജു ജേക്കബ്, സിവിൽ പൊലീസ് ഓഫീസർമാരായ റോബി ഐസക്, ശ്രീജിത്ത് എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.