 
ആലപ്പുഴ: പദവിയിലിരിക്കുമ്പോൾ ഉത്തരവാദിത്വം മറന്ന് സ്വയം വളരാൻ ശ്രമിക്കുന്നവരെ കാലം ചവറ്റുകൊട്ടയിൽ തള്ളുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം ടി.കെ. മാധവൻ സ്‌മാരകം മാവേലിക്കര യൂണിയന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ മാവേലിക്കര യൂണിയനിലെ ചില മുൻകാല ഭാരവാഹികളുടെ പ്രവർത്തനം പാഠമാണ്. താനെന്ന ഭാവം ഒരിക്കലും നന്നല്ല. യോഗനേതൃത്വത്തിൽ പ്രവർത്തിക്കുമ്പോൾ എല്ലാതലത്തിലും ശുദ്ധി പരമപ്രധാനമാണ്. ഈ സ്വഭാവമുള്ളവരെ ഗുരുദേവൻ കൈവെള്ളയിൽ വച്ചുയർത്തും. സമുദായ സംഘടനയിൽ പ്രവർത്തിക്കുമ്പോൾ രാഷ്‌ട്രീയ മോഹം പാടില്ല. സമുദായ പ്രവർത്തനം കൊണ്ടുപോകുന്നതിൽ നിന്ന് വ്യതിചലിച്ചവർക്ക് അപചയങ്ങൾ ഉണ്ടായെന്ന് വിശദമായി പരിശോധിച്ചാൽ വ്യക്തമാകും. യോഗത്തെ നന്നായി സ്‌നേഹിക്കുകയും അതിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരുമാണ് നേതാക്കൾ. ഒരു രാഷ്‌ട്രീയ പാർട്ടിയേയും വളർത്തേണ്ട ചുമതല യോഗ നേതൃത്വത്തിനില്ല. ഒന്നായി നിന്ന് നന്നാകണം. കലഹിച്ച് നിന്ന് സമുദായത്തിന് ദോഷം നിൽക്കുന്നവരെ അംഗീകരിക്കാനാവില്ല. സമുദായത്തെ തകർക്കാൻ ശ്രമിക്കുന്ന ചില പരമേശ്വരൻമാർ രംഗത്തെത്തിയിട്ടുണ്ട്. യോഗം നേതൃത്വത്തിന്റെ അകത്ത് ഒരു പ്രശ്‌നവുമില്ല. പുറത്തുള്ള പരമേശ്വരൻമാരാണ് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്. ചില കുതികാൽവെട്ടുകാർക്ക് പിന്നിൽ സമ്പന്നർമാരുമുണ്ട്. കേസുകൾ നൽകി യോഗ നേതൃത്വത്തെ തകർക്കാൻ അദൃശ്യശക്തികൾ ശ്രമിക്കുകയാണ്. അതിനെയെല്ലാം ഈ നേതൃത്വം അതിജീവിക്കുമെന്ന് അവർ തിരിച്ചറിയണം. നൈൽ നദി പോലെ ശാന്തമായി ഒഴുകുകയാണ് ഇപ്പോൾ മാവേലിക്കര യൂണിയനെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
യോഗം മാവേലിക്കര യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ. ട്രസ്‌റ്റ് ബോർഡംഗം പ്രീതി നടേശൻ ഭദ്രദീപ പ്രകാശനവും ഗുരുമണ്ഡപ സമർപ്പണവും നടത്തി. കൺവെൻഷൻ ഹാളിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാനും ടി.കെ. മാധവന്റെ പ്രതിമ അനാച്ഛാദനം കൊടിക്കുന്നിൽ സുരേഷ് എം.പിയും നിർവ്വഹിച്ചു. സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണവും എം.എസ്. അരുൺകുമാർ എം.എൽ.എ, മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ എന്നിവർ മുഖ്യപ്രഭാഷണവും നടത്തി. യോഗം അസി. സെക്രട്ടറി രവീന്ദ്രൻ എഴുമറ്റൂർ മുഖ്യാതിഥിയായിരുന്നു. കൺസ്യൂമർഫെഡ് ഡയറക്‌ടർ ബോർഡംഗം കെ. മധുസൂദനൻ, യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലപ്ര, രാജൻ ഡ്രീംസ്, യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിയ്‌ക്കൽ എന്നിവർ സംസാരിച്ചു. വിവിധ യൂണിയൻ നേതാക്കളായ ജയകുമാർ പാറപ്പുറത്ത്, ബി സത്യപാൽ (ചാരുംമൂട് ), സലികുമാർ (ചേപ്പാട്), ഡോ.എം.പി.വിജയകുമാർ, ദയകുമാർ ചെന്നിത്തല (മാന്നാർ ), അനിൽ പി.ശ്രീരംഗം ( ചെങ്ങന്നൂർ), അനിൽ എസ്. ഉഴത്തിൽ (തിരുവല്ല), ഉദയൻ പാറ്റൂർ (പന്തളം) തുടങ്ങിയവർ പങ്കെടുത്തു.
സുജിത്ത് തന്ത്രി, പൊന്നാരംതോട്ടം മോഹനൻ, മനോജ് ചെട്ടികുളങ്ങര, സുനിൽ കോട്ടൂർ, മണി മണിവീണ, എൻ. വിജയൻ, അനന്തകൃഷ്‌ണൻ എന്നിവരെ ചടങ്ങിൽ വെള്ളാപ്പള്ളി നടേശൻ ആദരിച്ചു. തുടർന്ന് നടന്ന ശ്രീനാരായണ ധർമ്മചര്യയജ്ഞത്തിൽ സ്വാമി ശിവബോധാനന്ദ, രാജൻ മഞ്ചേരി എന്നിവർ പ്രഭാഷണം നടത്തി. വൈകിട്ട് നൃത്തനൃത്യങ്ങളും പ്രസാദമൂട്ടും നടന്നു. ഇന്ന് ധർമ്മചര്യയജ്ഞത്തിൽ സജീഷ് മണലേൽ, സി.എ. ശിവരാമൻ എന്നിവർ പ്രഭാഷണം നടത്തും.
 യോഗത്തിന് മേൽവിലാസം നൽകിയത് വെള്ളാപ്പള്ളി : മന്ത്രി സജി ചെറിയാൻ
എസ്.എൻ.ഡി.പി യോഗത്തിന് മേൽവിലാസം നൽകിയ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ടി.കെ. മാധവൻ സ്‌മാരക മാവേലിക്കര യൂണിയന്റെ നവീകരിച്ച മന്ദിരത്തിലെ കൺവെൻഷൻ ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തെ ഈഴവ സമുദായത്തിന്റെ ശബ്‌ദമാക്കി മാറ്റിയതിൽ വെള്ളാപ്പള്ളിക്ക് നായകന്റെ റോളാണ്. ശ്രീനാരായണ ധർമ്മം കാലിക പ്രസക്തമാണ്. അതിനെ മികച്ച രീതിയിൽ ഒരു പോറലുമേൽക്കാതെ പ്രചരിപ്പിക്കുന്നതിൽ വെള്ളാപ്പള്ളി നേതൃത്വം നൽകി. മനുഷ്യൻ ഉള്ളിടത്തോളം കാലം ശ്രീനാരായണ ധർമ്മം നിലനിൽക്കണമെന്നും സജി ചെറിയാൻ പറഞ്ഞു.