vakayaar-gopalakrishanan
വകയാർ ഗോപാലകൃഷ്‌ണൻ

കോന്നി : ഭാവതീവ്രമായ ആലാപനം കൊണ്ട് മലയാളിയുടെ മനസിൽ ഇടംതേടിയ ഗായകൻ കെ.പി.ബ്രഹ്മാനന്ദനോടുള്ള ഭ്രാന്തമായ ആരാധനയാണ് വകയാർ ചരിവുകാലയിൽ ഗോപാലകൃഷ്ണനെ പാട്ടുകാരനാക്കുന്നത്.

ബ്രഹ്മാനന്ദ ഗാനങ്ങൾ സ്വന്തമായി ഗാനമേള ട്രൂപ്പ് വരെ തുടങ്ങാൻ അദ്ദേഹത്തിന് പ്രേരണ നൽകി. പത്താം ക്‌ളാസിൽ പഠിക്കുമ്പോഴാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽവച്ച് ഗോപാലകൃഷ്‌ണൻ ആദ്യമായി ബ്രഹ്‌മാനന്ദന്റെ പാട്ടുകേൾക്കുന്നത്. നാലുതവണ അദ്ദേഹത്തെ നേരിൽ കണ്ടുസംസാരിച്ചതായും തന്നെ അനുഗ്രഹിച്ചതായും ഗോപാലകൃഷ്‌ണൻ പറയുന്നു. യേശുദാസും ജയചന്ദ്രനും മലയാള ചലച്ചിത്ര ഗാനരംഗത്ത് ജ്വലിച്ചു നിൽക്കുമ്പോൾ അവരോടൊന്നുമില്ലാത്ത ആരാധനാ ബ്രഹ്‌മാനന്ദനോട് തോന്നിയതിന്റെ പൊരുൾ ഇപ്പോഴുമറിയില്ല ഇൗ വകയാറിന്റെ ഗായകന്. ഗാനമേള ട്രൂപ്പുകളിൽ പാടുമ്പോൾ പ്രതിഫലം കിട്ടിയില്ലെങ്കിലും തന്റെ പ്രിയ ഗായകന്റെ പാട്ടുകൾ പാടാനായി മാത്രം ഗോപാലകൃഷ്ണൻ പരിപാടികളിൽ പങ്കെടുക്കുമായിരുന്നു. ഇതിനിടെ സ്വന്തം വീടും പുരയിടവും വിൽക്കേണ്ടിയും വന്നു ഗോപാലകൃഷ്ണന്. ബ്രഹ്മാനന്ദന്റെ പാട്ടുകളിലൂടെയാണ് മക്കളില്ലാത്തതിന്റെ ദു:ഖം മറക്കുന്നതെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു.

2004 ആഗസ്റ്റ് 10ന് ഒരു ഗാനമേള വേദിയിൽ ഗോപാലകൃഷ്‌ണൻ ബ്രഹ്‌മാനന്ദന്റെ പ്രശസ്തമായ മാനത്തെ കായലിൽ... എന്ന ഗാനം ആലപിച്ചു കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ മരണവാർത്ത അറിയുന്നത്. എപ്പോൾ ആര് ആവശ്യപ്പെട്ടാലും ഗോപാലകൃഷ്‌ണൻ പാടും, ഒരു സപര്യ പോലെ പ്രിയ ഗായകന്റെ പാട്ടുകൾ. ബ്രഹ്‌മാനന്ദന്റെ ഗാനങ്ങൾ പുതിയ തലമുറയെ അറിയിക്കുകയാണ് ഗോപാലകൃഷ്ണന്റെ ജീവിത ലക്‌ഷ്യം. തന്റെ പ്രിയ ഗായകൻ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ആരാധകന്റെ മനസിൽ നിന്ന് ആ വിങ്ങൽ വിടപറയുന്നില്ല. ഇനിയും ഗോപാലകൃഷ്‌ണന്‌ ഒരു ആഗ്രഹം കൂടി ബാക്കിയുണ്ട്. ചിറയിൻകീഴിലെ ബ്രഹ്‌മാനന്ദന്റെ വീട്ടിൽ ഒരുവട്ടം പോകണം. ആ ഓർമ്മകളുറങ്ങുന്ന മണ്ണിൽ ഒരുതിരി വയ്ക്കണം.

സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററോട് നേരിൽ കാണുമ്പോൾ ചോദിക്കാൻ ഒരു ചോദ്യവും ഗോപാലകൃഷ്‌ണൻ കരുതി വച്ചിരുന്നു.

" അങ്ങെന്തെ ആ ഭാവഗായകനെ കണ്ടില്ലെന്നു നടിച്ചു ?"