car
കഴിഞ്ഞ ദിവസം കോന്നി ആർ.വി.എച് എസ് ആനക്കൂട് റോഡിൽ അപകടത്തിൽപെട്ട കാർ

കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കലുങ്കുകളുടെ പണികൾ നടക്കുന്ന സ്ഥലങ്ങളിൽ അപകട മുന്നറിയിപ്പുകൾ നൽകുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പലയിടത്തും റോഡിന്റെ പകുതിഭാഗം കുഴിച്ചിട്ടിരിക്കുന്നതിനാൽ ഇടുങ്ങിയ റോഡിലൂടെയാണ് കലുങ്ക് പണികൾ നടക്കുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ സഞ്ചരിക്കുന്നത്. കോന്നി ആർ.വി.എച്ച്.എസ്. ആനക്കൂട് റോഡിൽ കലുങ്കിന്റെ പണികൾ നടക്കുന്ന ഭാഗത്ത് കഴിഞ്ഞ ദിവസം കാർ അപകടത്തിൽപ്പെട്ടിരുന്നു. കോന്നി - ചന്ദനപ്പള്ളി റോഡിൽ നിന്നും ഈ ഇടവഴിയിലൂടെ സംസ്ഥാന പാതയിലേക്ക് വരുന്ന വാഹനങ്ങൾക്ക് ആർ.വി.എച്ച്.എസിന്റെ മുൻപിലേക്ക് വരുമ്പോൾ മാത്രമാണ് കലുങ്കിന്റെ പണികൾക്കായി റോഡ് മുറിച്ചിട്ടിരിക്കുന്നത് കാണാൻ കഴിയുന്നത്. ഇടുങ്ങിയ ഒരുവശത്തുകൂടി മെയിൻ റോഡിലേക്ക് പ്രവേശിക്കുമ്പോൾ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്.