
തിരുവല്ല: സ്വപ്ന സുരേഷിനും ഷാജ് കിരണിനുമെതിരെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. സഭയെയും അനുബന്ധ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തൽ, ഗൂഢാലോചന, മാനനഷ്ടം എന്നിവ ചൂണ്ടിക്കാട്ടിയാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പി.ആർ.ഒ ഫാ. സിജോ പന്തപ്പള്ളിൽ അഡ്വ. ഷിജിമോൾ മാത്യു മുഖേന ഹർജി നൽകിയത്.
കെ.പി. യോഹന്നാന്റെ ഗോസ്‌പൽ ഫോർ ഏഷ്യ എന്ന സംഘടനയുടെ ഡയറക്ടറെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി അടുപ്പമുള്ളയാളാണ് ഷാജിനെന്ന് ശിവശങ്കർ പരിചയപ്പെടുത്തിയിരുന്നതായി സ്വപ്ന നേരത്തെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സഭയെ അപകീർത്തിപ്പെടുത്തുന്ന പരാമർശനങ്ങൾ നടക്കുന്നതിൽ സഭ പ്രതിഷേധിച്ചിരുന്നു.