
പത്തനംതിട്ട: സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കുന്നതുവരെ സമരം കടുപ്പിക്കാൻ പുല്ലാട്ട് ചേർന്ന ബി.ജെ.പി സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. ബി.ജെ.പിയും യുവമോർച്ചയും മഹിളാമോർച്ചയും സമര രംഗത്തിറങ്ങും. കറുപ്പണിഞ്ഞും കറുത്ത കൊടിയുമായിട്ടായിരിക്കും പ്രക്ഷോഭം. യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കും. പഞ്ചായത്തുകൾ തോറും ജനകീയ വിചാരണകൾ നടത്തും.
സമരം ശക്തമാക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. സുധീർ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം യോഗം അംഗീകരിച്ചു. സംസ്ഥാന സമിതി യോഗത്തിന് ശേഷം പത്തനംതിട്ടയിൽ നടന്ന സായാഹ്ന ധർണ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമരം സംസ്ഥാന വ്യാപകമായി ശക്തിപ്പെടുത്തുന്നതിനുള്ള തുടക്കം കൂടിയായിരുന്നു മുതിർന്ന നേതാക്കൾ പങ്കെടുത്ത ധർണ. കറുപ്പിന് വിലക്കേർപ്പെടുത്തിയതിനെതിരെ നേതാക്കൾ യോഗത്തിൽ വച്ച് കറുത്ത മാസ്ക് അണിഞ്ഞു.
തൃക്കാക്കരയിൽ ബി.ജെ.പിയുടെ അടിസ്ഥാന വോട്ടുകൾ കുറഞ്ഞിട്ടില്ലെന്ന് യോഗം വിലയിരുത്തി. പിണറായി സർക്കാരിനെതിരായ ശക്തമായ ജനരോഷം യു.ഡി.എഫിനെയാണ് തുണച്ചത്. ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി മികച്ച പ്രകടനം നടത്താറില്ല.
നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷമ പദ്ധതികളെപ്പറ്റി വീടുകൾ തോറും പ്രചാരണം നടത്തുന്നത് ഉൗർജിതപ്പെടുത്തും. സംസ്ഥാനത്ത് 50,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 21ന് തിരുവനന്തപുരത്ത് എത്തുന്നുണ്ട്.