block
അടൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ഒാഫീസിലെ ഫർണിച്ചറുകളും ഛായാചിത്രങ്ങളും തല്ലി തകർത്ത നിലയിൽ

കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി ഒാഫീസ് തല്ലിത്തകർത്തു

അടൂർ : എ. ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി.വേണുഗോപാലിനെ ഡൽഹിയിൽ പൊലീസ് അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിനിടെ ഡി. വൈ. എഫ്. ഐ പ്രവർത്തകരുടെ പ്രകടനമെത്തിയത് സംഘർഷത്തിനിടയാക്കി. സെൻട്രൽ ജംഗ്ഷനിൽ കോൺഗ്രസ് പ്രവർത്തകരും ഡി. വൈ. എഫ്. ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് സംഘർഷം അവസാനിച്ചത്. ഡി. വൈ. എഫ്. ഐ പ്രവർത്തകർ മാർക്കറ്റ് ജംഗ്ഷനിലുള്ള കോൺഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി ഒാഫീസ് തല്ലിത്തകർത്തു. ഇതിൽ പ്രതിഷേധിച്ചും പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും രാത്രി എട്ട് മണിയോടെ കോൺഗ്രസ് പ്രവർത്തകർ അടൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വൺവേ പോയിന്റിൽവച്ച് പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പൊലീസിനെ തള്ളിമാറ്റിയ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിലെത്തി പ്രതിഷേധിച്ചു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. മാർക്കറ്റ് ജംഗ്ഷനിലുള്ള കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി ഒാഫീസിൽ എത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി നീങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഒരു സംഘം ഡി. വൈ. എഫ്. ഐ പ്രവർത്തകരും പ്രകടനമായി എത്തിയത്. ഇവർ ആദ്യം ബ്ളോക്ക് കമ്മിറ്റി ഒാഫീസിൽ കയറി ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവ തല്ലിത്തകർക്കുകയും മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുടെ ചിത്രങ്ങൾ എറിഞ്ഞുതകർക്കുകയും ചെയ്തു. തുടന്ന് പ്രകടനം സെൻട്രൽ ജംഗ്ഷനിൽ എത്തിയപ്പോഴാണ് ഇരുകൂട്ടരും നേർക്കുനേർ ഏറ്റുമുട്ടിയത്. ഡി. വൈ. എസ്. പി ആർ. ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ലാത്തിവീശി ഇരുകൂട്ടരെയും ഒാടിച്ചു. ഇതിനിടെ നഗരസഭയിലെ കോൺഗ്രസിന്റെ ഒന്നാം വാർഡ് പ്രസിഡന്റ് ഡി. സുരേന്ദ്രന്റെ കൈയ്ക്ക് പൊട്ടലുണ്ടായി.ഒരു പൊലീസുകാരനും പരിക്കേറ്റതായി സൂചനയുണ്ട്. ഏനാത്ത്, കൊടുമൺ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഇതിനിടെ സി. പി. എം പ്രവർത്തകരും കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് നഗരത്തിൽ പ്രതിഷേധ പ്രകടനവുമായി ഇറങ്ങി. നഗരം ചുറ്റിയ ശേഷം കെ. എസ്. ആർ. ടി. സി ജംഗ്ഷനിൽ പ്രതിഷേധ യോഗവും നടത്തി. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഒാഫീസ് തല്ലിത്തകർത്ത പ്രതികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. . കെ. പി. സി. സി. ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു.