1
കൊറ്റനാട് സർവ്വീസ് സഹകരണ ബാങ്കിൽ പണം തിരികെ ആവശ്യപ്പെട്ട് സഹകാരികളുടെ കൂട്ടായ്മ ഒഴിവാക്കാൻ പോലീസ് എത്തിയപ്പോൾ

മല്ലപ്പള്ളി :കൊറ്റനാട് സർവീസ് സഹകരണ ബാങ്കിൽ പണം തിരികെ ആവശ്യപ്പെട്ട് സഹകാരികളുടെ പ്രതിഷേധം. ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കുന്നത് സംബന്ധിച്ച് അധികൃതരിൽ നിന്ന് വ്യക്തമായ വിവരം ലഭിക്കാത്തതിനെ തുടർന്നാണ് സഹകാരികൾ സംഘടിച്ചത്. പൊലീസെത്തി അറസ്റ്റുചെയ്തു നീക്കുമെന്ന് അറിയിച്ചിട്ടും ഇവർ മടങ്ങാൻ കൂട്ടാക്കിയില്ല. അസിസ്റ്റന്റ് രജിസ്ട്രാറുമായി ഫോണിൽ ചർച്ച നടത്തിയ ശേഷമാണ് സഹകാരികൾ മടങ്ങിയത്. പതിനാലുപേരാണ് ബാങ്കിലെത്തിയത് . ഇവർക്ക് മാത്രം 96 ലക്ഷം രൂപയോളം ലഭിക്കാനുണ്ട്. 2021 മാർച്ച് 31 മുതൽ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. 109026547രൂപയുടെ നഷ്ടത്തിലാണ് ബാങ്ക് ഇപ്പോൾ പ്രവർത്തിക്കുന്നത്. 2020 - 21 ലെ ഓഡിറ്റ് പ്രകാരം 40437344 രൂപയാണ് കുടിശിക അടക്കം പിരിഞ്ഞുകിട്ടാനുള്ളത്. നിക്ഷേപിച്ച തുക തിരികെ ലഭിക്കുന്നതിനായി ഇരുപത്തിയഞ്ചോളം സഹകാരികൾ ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ട്.സഹകരണ ക്ഷേമ ബോർഡ് അംഗ സമാശ്വാസ പദ്ധതി പ്രകാരം നഷ്ടത്തിലുള്ള സംഘങ്ങളെ പരിപോഷിപ്പിക്കുന്നതിനായുള്ള അപേക്ഷയിൽ നടപടി പൂർത്തിയായി വരുന്നെന്നും കുടിശിയുടെ വായ്പാതുക തിരിച്ചടവ് ഊർജിതമാക്കിയിട്ടുണ്ടെന്നും മല്ലപ്പള്ളി സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ നിന്ന് അറിയിച്ചു