പത്തനംതിട്ട: പരിസ്ഥിതി ലോലമേഖല പ്രഖ്യാപനത്തിനെതിരെ കിഫയുടെ നേതൃത്വത്തിൽ ഇന്ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് മാർച്ച് ആരംഭിക്കും . പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പ്രഖ്യാപനം വന്നാൽ സ്വകാര്യ കൈവശഭൂമികൾ വനഭൂമിക്ക് സമാനമായി മാറ്റപ്പെടുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഭൂമി വനഭൂമിയാണെന്ന അവകാശവാദം വനംവകുപ്പ് ഉന്നയിക്കുകയും ചെയ്യും. ജില്ലയിൽ അരുവാപ്പുലം , തണ്ണിത്തോട് , ചിറ്റാർ , സീതത്തോട് , വടശേരിക്കര , പെരുനാട് , കൊല്ലമുള വില്ലേജുകളിലെ വളരെയധികം കൃഷിഭൂമികളും സ്വകാര്യ ഭൂമികളും പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. മലയോര കർഷകരുടെ കൈവശ ഭൂമികൾ വനഭൂമിയാക്കി മാറ്റുന്നതിനുവേണ്ടിയുള്ള ഇ.എസ്.എ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഈ കരിനിയമത്തിൽ നിന്ന് നാടിനെ രക്ഷിക്കാൻ ബാദ്ധ്യതയുള്ളവർ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ആണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി . വാർത്താ സമ്മേളനത്തിൽ ലീഗൽ സെൽ ഡയറക്ടർ ജോണി കെ. ജോർജ്, ജോളി കാലായിൽ , വർഗീസ് തണ്ണിത്തോട് എന്നിവർ പങ്കെടുത്തു.