കോന്നി: മലയാലപ്പുഴയിൽ ബസ് സ്റ്റാൻഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലയാലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള മുക്കവലയിൽ ഗതാഗതക്കുരുക്ക്‌ പതിവാണ്. ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഇവിടെ ക്ഷേത്രദർശത്തിനെത്തുന്നവരുടെ വാഹനങ്ങൾ കൊണ്ട് നിറയും. പത്തനംതിട്ട ഭാഗത്തു നിന്നും വരുന്ന ബസുകൾ ഗവ. എൽ.പി സ്കൂളിന് മുൻപിലാണ് നിറുത്തിയിടുന്നത്. പതുക്കുളം, തലച്ചിറ, ചെങ്ങറ, വടശേരിക്കര ഭാഗത്തു നിന്നും വരുന്ന ബസുകൾ ദേവസ്വം ഷോപ്പിംഗ് കോംപ്ലെക്സിന് മുൻപിലും നിറുത്തിയിടുന്നു. ഇത് കൂടാതെ ക്ഷേത്ര ദർശത്തിനെത്തുന്നവരുടെ വാഹനങ്ങളും, പത്തനംതിട്ടയിലേക്കും കുമ്പഴയിലേക്കുമുള്ള ട്രിപ്പ് ജീപ്പുകളും ഇവിടെയാണ് നിറുത്തിയിടുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മൈതാനത്ത് ക്ഷേത്രത്തിലെത്തുന്ന സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഞായർ,ചൊവ്വ, വെള്ളി ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും ഇവിടെ വാഹനങ്ങൾ കൊണ്ട് നിറയും. തുടർന്ന് വാഹനങ്ങൾ പുതുക്കുളം റോഡിലും മൂർത്തികാവ് റോഡിലും,മണ്ണാറക്കുളഞ്ഞി റോഡിലും പഞ്ചായത്ത് ഓഫീസിനു മുൻപിലുള്ള മൈതാനത്തുമാണ് പാർക്ക് ചെയ്യുന്നത്. ക്ഷേത്രം ജംഗ്ഷനിലെ ഗവ.എൽ.പി സ്കൂളിന് പഞ്ചായത്ത് ഓഫീസിനു സമീപം പുതിയ കെട്ടിടം നിർമ്മിക്കുകയാണ്. ഇതിന്റെ പണികൾ പൂർത്തിയായാൽ പഴയ ഗവ എൽ.പി സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി അവിടെ പുതിയ ബസ് സ്റ്റാൻഡ് പണിയാനാണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം. മലയാലപ്പുഴയിൽ ബസ് സ്റ്റാൻഡ് നിർമ്മിച്ച് ക്ഷേത്രം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി പ്രകാശ് കിഴക്കുപുറം ആവശ്യപെട്ടു.