
പത്തനംതിട്ട : ജനപ്രതിനിധികളടക്കം കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ടേക്ക് എ ബ്രേക്ക് പദ്ധതി പൂർണതയിലെത്തിയില്ല. 93 ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങളായിരുന്നു ജില്ലയിൽ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 52 സമുച്ഛയങ്ങൾ ജില്ലയിൽ പൂർത്തിയായിട്ടുണ്ട്. 41 എണ്ണത്തിന്റെ ഉദ്ഘാടനം ഉദ്ഘാടനം ഇതുവരെ കഴിഞ്ഞു. 27 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 53 പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും ടേക്ക് എ ബ്രേക്ക് പദ്ധതികളുണ്ട്. പക്ഷെ പലയിടങ്ങളിലും ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങൾ പ്രവർത്തിക്കുന്നില്ല. ഉദ്ഘാടനത്തിന് ശേഷം ഇവയിലേറെയും പൂട്ടുകയായിരുന്നു. വെള്ളത്തിന്റെ ദൗർലഭ്യം കാരണം അടച്ചിട്ടിരിക്കുന്ന കെട്ടിടങ്ങളുമുണ്ട്.
കുടുംബശ്രീ തൊഴിലാളികളെയാണ് പദ്ധതി ഏറ്റെടുത്ത് നടത്താൽ ചുമതലപ്പെടുത്തിയിരുന്നത്. പല പഞ്ചായത്തുകളിലും ഏറ്റെടുക്കാൻ ആളില്ലാത്തത് പദ്ധതിക്ക് തടസമായതായി അധികൃതർ പറയുന്നു.
ഉന്നത നിലവാരത്തിലുള്ള ടോയ്‌ലറ്റ്, വഴിയിടം ബോർഡ്, നാപ്കിൻ ഡിസ്‌ട്രോയർ യൂണിറ്റ്, ആകർഷകമായ പെയ്ന്റിംഗ്, വാഷ് ബേസിൻ, കണ്ണാടി എന്നിവ ഉൾപ്പെടുത്തിയ കെട്ടിടമാണ് അടച്ച് പൂട്ടിയിട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി തയ്യാറാക്കിയ പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്. തദ്ദേശ സ്ഥാപനങ്ങളുടെ വികസനഫണ്ട്, ശുചിത്വമിഷൻ വിഹിതം എന്നിവയുപയോഗിച്ചാണ് പ്രോജക്ടുകൾ തയ്യാറാക്കിയിട്ടുള്ളത്.
6.40 കോടിയുടെ പദ്ധതിയാണ് ആദ്യ ഘട്ടത്തിൽ തയ്യാറാക്കിയത്. ഇത് 87 കെട്ടിടങ്ങൾക്കായുള്ള തുകയാണ്. ഇപ്പോൾ പദ്ധതി 93 ആയപ്പോൾ രണ്ട് കോടിയിലധികം എസ്റ്റിമേറ്റ് വർദ്ധിച്ചിട്ടുണ്ട്.
93 വഴിയിട കേന്ദ്രങ്ങൾ, ചെലവ് 8.40 കോടി,
പണി പൂർത്തിയായവ: 52, ഉദ്ഘാടനം കഴിഞ്ഞത് : 41, പ്രവർത്തിക്കുന്നത് : 27
" ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഉടൻ സുഗമമാക്കും. ചുമതല ഏറ്റെടുക്കാനുള്ള നടപടികൾ നടക്കുകയാണ്. "
ശുചിത്വ മിഷൻ അധികൃതർ.