ചെങ്ങന്നൂർ: ആശുപത്രി മാലിന്യവും വീടുകളിലെ കക്കൂസ് മാലിന്യവും ഒാടയിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ നടപടിക്കെത്തിയ വെണ്മണി ഗ്രാമപഞ്ചായത്ത് അധികൃതരെ ചില പ്രദേശവാസികളും രാഷ്ട്രീയ പ്രവർത്തകരും ചേർന്ന് തടഞ്ഞ് ഭീഷണിപ്പെടുത്തി. ഒാട ശുചീകരിക്കാൻ യന്ത്ര സമാഗ്രികളുമായെത്തിയ സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ ഗ്രാമപഞ്ചായത്ത് അധികൃതർ ശ്രമം ഉപേക്ഷിച്ച് മടങ്ങി. ആലപ്പുഴ ജില്ലയുടെ കിഴക്കൻ അതിർത്തി ഗ്രാമമായ പുന്തലയിലാണ് സംഭവം. മനുഷ്യവിസർജ്ജ്യവും ആശുപത്രി മാലിന്യങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ ഒാടയിലേക്കാണ് ഇവിടെ തള്ളുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാർച്ച് 21ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് ഉത്തരവാദികൾക്ക് ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകി. ഇതോടെ മാലിന്യം ഓടയിലേക്ക് ഒഴുക്കിയിരുന്ന ചിലർ സ്വന്തം പുരയിടത്തിൽത്തന്നെ മാലിന്യ നിർമ്മാർജ്ജനത്തിനുളള സംവിധാനം ഒരുക്കി. എന്നാൽ ഭൂരിപക്ഷം ആളുകളും ഓടയിലേക്കുതന്നെയാണ് മനുഷ്യവിസർജ്ജ്യം ഇപ്പോഴും ഒഴുക്കിവിടുന്നത്. ഈ മാലിന്യം ഓടയിൽ നിന്ന് ഒഴുകി സമീപത്തെ കുപ്പണ്ണൂർ പാടത്തെയും നദിയെയും ബന്ധിപ്പിക്കുന്ന തോട്ടിലൂടെ അച്ചൻകോവിലാറ്റിലാണ് എത്തിച്ചേരുന്നത്. ആയിരക്കണക്കിന് ആളുകൾ കുടിക്കാനും മറ്റും ഉപയോഗിക്കുന്ന നദിയിലെ വെള്ളം ഇതോടെ മലിനമായി. വെള്ളം ഉപയോഗിക്കുന്നവർക്ക് ചൊറിച്ചിലും നീർവീക്കവും ശ്വാസംമുട്ടലും ഉണ്ടാകുന്നു. ജലക്ഷാമം നേരിടുന്ന പ്രദേശമാണിത്.

ദുർഗന്ധം രൂക്ഷം

കുളനട കൊല്ലകടവ് റോഡിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് പുന്തല. ഇവിടുത്തെ സ്വകാര്യ ആശുപത്രിയിലെ മാലിന്യം പൈപ്പിട്ടാണ് ഓടയിലേക്ക് ഒഴുക്കുന്നത്. മലിനജലവും ഇവിടെനിന്ന് തോട്ടിലൂടെ ആച്ചൻകോവിലാറ്റിലാണ് എത്തുന്നത്. മാലിന്യം ഓടയിൽ കെട്ടിനിന്ന് ഈച്ചയും കൊതുകും പെരുകുന്നതിനൊപ്പം പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ്

ഒാട ശുചീകരിക്കാനെത്തിയെങ്കിലും ചിലർ എതിർക്കുകയും സംഘർഷത്തിന് ശ്രമിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചചെയ്ത് തുടർനടപടി സ്വീകരിക്കും. കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ പിഴ ഉൾപ്പടെ ശക്തമായ നിയമ നടപടി സ്വീകരിക്കും. പൊലീസിന്റെ സഹായത്തോടെ ഓട ശുചീരിക്കും

സ്‌നേഹ ഗ്ലോറി

വെണ്മണി ഗ്രാമപഞ്ചായത്ത് സെക്രട്ടറി