പന്തളം: കുന്നിക്കുഴിയിൽ കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പ്രതിമകൾ അടിച്ചു തകർത്തതും മുട്ടറ്റ് ജംഗ്ഷനു സമീപമുള്ള കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി ഒാഫീസ് ആക്രമിച്ചതും പ്രതിഷേധാർഹമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതിഷ് കൊച്ചുപറമ്പിൽ പറഞ്ഞു. സംഭവ സ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വേണുകുമാരൻ നായർ, മഞ്ചു വിശ്വനാഥ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി. അനിൽകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് കെ. എൻ. രാജൻ, സെക്രട്ടറി വിജയൻ നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് ആക്രമണം നടന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ പന്തളം പൊലീസ് എടുത്തിട്ടുണ്ട്.