പന്തളം: കോൺഗ്രസ് പ്രതിഷേധ യോഗത്തിന് സമീപം ഡി.വൈ.എഫ്.ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും പ്രകടനമായെത്തിയത് സംഘർഷാവസ്ഥ സ‌ൃഷ്ടിച്ചു. കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച കാറിന് നേരെ ചീമുട്ടയെറിഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം.

കുന്നിക്കുഴി ജംഗ്ഷനിലെ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പ്രതിമ തകർത്തതിലും കെ.പി. സി സി ആസ്ഥാനത്തിനും വെസ്റ്റ് മണ്ഡലം കമ്മിറ്റി ഒാഫീസിനും നേരെ നടന്ന ആക്രമണത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തിയിരുന്നു. മുട്ടാർ ജംഗക്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കുന്നുകുഴി ജംഗ്ഷനിൽ സമാപിച്ച ശേഷം സമ്മേളനം ആരംഭിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു സംസാരിച്ചുകൊണ്ടിരിക്കെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനമായി എത്തുകയായിരുന്നു . കോൺഗ്രസ് സമ്മേളന വേദിയ്ക്ക് സമീപം പന്തളം എസ് .എച്ച് .ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പ്രകടനം തടഞ്ഞു. തൊട്ടുപിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരും പ്രകടനമായി എത്തി. തുടർന്ന് പൊലീസ് കോൺഗ്രസ് സമ്മേളന വേദി വലയം ചെയ്തു . സമ്മേളന വേദിയ്ക്ക് മുമ്പിലൂടെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രകടനം കടന്നുപോയി. പൊലീസ് തടഞ്ഞ ഡി.വൈ.എഫ്.ഐയുടെ പ്രകടനം പൊലീസ് വലയം ഭേദിച്ച് കോൺഗ്രസിന്റെ സമ്മേളനത്തിന് മുമ്പിലൂടെ പോയത് നേരിയ സംഘർഷം സൃഷ്ടിച്ചു. ഡി.വൈ.എഫ്.ഐ. നേതാക്കളായായ എച്ച്.നവാസ്, അബ്ദുള്ള, എൻ.സി അഭീഷ്, എസ്.സന്ദീപ് ,ഷെമീർ എന്നിരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. മഹിളാ അസോസിയേഷൻ ഭാരവാഹികളായ ടി.കെ.സതി, ഷംസ്ജാ, സുധാമണി, ഇന്ദു, ശ്രീലതാ പ്രമീള എന്നിവർ നേത്യത്വം നൽകി. സമ്മേളന ശേഷം കാറിൽ മടങ്ങുകയായിരുന്ന , ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി.എൻ. തൃദീപ് ,ഏഴംകുളം അജു എന്നിവർ സഞ്ചരിച്ചിരുന്ന കാറിനുനേരെയാണ് ചീമുട്ടയെറിഞ്ഞത്.