1
കുഞ്ഞുകുട്ടന്റെ ജൈവപച്ചക്കറി തോട്ടം

മല്ലപ്പള്ളി : അറുപത്തിനാലാം വയസിലും ജൈവ പച്ചക്കറി കൃഷിയിൽ വിജയം കൈവരിച്ച കർഷകൻ. എഴുമറ്റൂർ പാറയിൽ കുട്ടൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നു കുഞ്ഞുകുട്ടൻ (64)ആണ് 22 വർഷമായി രണ്ടരഏക്കർ പാട്ടഭൂമിയിൽ ജൈവ പച്ചക്കറി കൃഷികൾ ചെയ്യുന്നത്. എന്നാൽ ഇന്നുവരെ ഈ കർഷകനെ പഞ്ചായത്തോ, കാർഷീക മേഖലയോ ആദരവ് നല്കിയിട്ടില്ല. പക്ഷേ കുട്ടന് ഇതിൽ തെല്ലും പരാതിയോ പരിഭവമോ ഇല്ല.തങ്ങൾക്ക് സ്വന്തമായിട്ടുള്ളത് ഏഴുസെന്റ് ഭൂമിയിൽ കൊച്ചൊരു വീട്ടിൽ രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം. ചെറുപ്പകാലം മുതൽ കൂലി വേല ചെയ്ത് കുടുംബം പുലർത്തിയിരുന്നു. പാട്ടഭൂമി രണ്ടിടത്തായി ലഭിച്ചതോടെ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. പടവലം, പാവൽ, പയർ, ചീര, മത്തൻ, വഴുതന, വെണ്ട, കോവൽ, വെള്ളരി, ചേന, ചേമ്പ്, കാച്ചിൽ, പൂവൻ, ഞാലി, ഏത്തൻ ,മരച്ചീനി എന്നിങ്ങനെ നീളുന്ന വിവിധയിനം കൃഷികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ആറിന് കൃഷിഭൂമിയിൽ എത്തിയാൽ വൈകുന്നേരം അഞ്ചുവരെ വിശ്രമമില്ലാത്ത വിള നടിയിൽ. പഞ്ചായത്തും കൃഷിഭവനുമായി ബന്ധപ്പെട്ട് ചിങ്ങം ഒന്നിന് നടത്താറുള്ള കർഷക ദിനാചരണത്തിൽ പോലും ഈ കർഷകനെ ആദരിക്കുവാൻ അധികാരികൾ മറന്നു. പൊന്നാടയോ, മൊമന്റോയോ , അംഗീകാരമോ പ്രതീക്ഷിക്കാതെ തന്റെയും കുടുംബത്തിന്റെയും ഉപജീവനമാർഗം മാത്രമാണ് ലക്ഷ്യമെന്നാണ് ഈ കർഷകൻ പറയുന്നത്.