പത്തനംതിട്ട: നായർ സർവീസ് സൊസൈറ്റിയുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും ഇടപെടാൻ അനുവദിക്കില്ലെന്നും അത് എൻ.എസ്.എസിന്റെ പ്രതിജ്ഞയാണെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പത്തനംതിട്ടയിൽ എൻ.എസ്.എസ് താലൂക്ക് യൂണിയൻ ആസ്ഥാനത്ത് മന്നത്ത് പത്മനാഭന്റെ പ്രതിമ അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.എസ്.എസിന് രാഷ്ട്രീയമില്ലെന്നും ഒരു രാഷ്ട്രീയവും സമുദായത്തെ ഗുണപെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാർ അവരുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിച്ചുകൊള്ളട്ടെ. നമുക്ക് അതിൽ പരാതിയില്ല. രാഷ്ട്രീയത്തിൽ നമ്മൾ ഇടപെടേണ്ട ആവശ്യമില്ല. രാഷ്ട്രീയ പാർട്ടികളെ ഉപദ്രവിക്കേണ്ട കാര്യം എൻ.എസ്.എസിനില്ല. ഈ വ്യവസ്ഥയിലൂന്നി നിന്നുകൊണ്ട് സമുദായപ്രവർത്തകർ എല്ലാ രംഗത്തും എത്തണം പ്രവർത്തിക്കണം. സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കുവേണ്ടി ജനാധിപത്യ മര്യാദകൾ പാലിച്ച് എല്ലാമതങ്ങളെയും സമുദായങ്ങളെയും ഒരുപോലെ കണ്ടുകൊണ്ട് ഇതുവരെ നടത്തിയ പ്രവർത്തനം അതേരീതിയിൽ തുടരാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ.സുമേഷ്, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർമാരായ പന്തളം ശിവൻകുട്ടി, തങ്കപ്പൻ പിള്ള, ഡി.അനിൽകുമാർ, പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ, സുകുമാരപണിക്കർ, യൂണിയൻ പ്രസിഡന്റുമാരായ ചന്ദ്രശേഖരൻ നായർ, ശിവസുതൻപിള്ള, എൻ.എസ്.എസ്. സോഷ്യൽ സർവീസ് സെക്രട്ടറി വി.പി.ശശിധരൻ നായർ, കൊല്ലം യൂണിയൻ പ്രസിഡന്റ് ആദിക്കാട്ട് ഗീരീഷ്, പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, യൂണിയൻ ചെയർമാൻ ആർ. ഹരിദാസ് ഇടത്തിട്ട യൂണിയൻ സെക്രട്ടറി വി.ആർ.സുനിൽ , പത്തനംതിട്ട നഗരസഭ മുൻ ചെയർമാൻ എ.സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.