hospital
തിരുവല്ല താലൂക്ക് ആശുപത്രി ഒ.പിക്ക് മുന്നിലെ കാടുവളർത്തൽ

തിരുവല്ല: നൂറുകണക്കിന് രോഗികൾ ദിവസേന വന്നുപോകുന്ന താലൂക്ക് ആശുപത്രി വളപ്പിലാകെ കാടുകയറിയ നിലയിൽ. പൊട്ടിയൊലിക്കുന്ന സെപ്റ്റിക് ടാങ്ക്, വഴിയിൽ വെള്ളക്കെട്ട്, വൃത്തിഹീനമായ പരിസരങ്ങൾ. താലൂക്ക് ആശുപത്രിക്ക് നാഥനില്ലേ എന്നാണ് ആളുകളുടെ ചോദ്യം. മഴക്കാലത്തിന് മുമ്പ് പരിസരമെല്ലാം ശുചീകരിക്കണമെന്ന് ബോധവൽക്കരണം നടത്തുന്ന ആരോഗ്യ വകുപ്പ് അധികൃതർ ഇതൊന്നും കണ്ടമട്ടില്ല. ആശുപത്രിയിലെ ഒ.പി. വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിലും സമീപത്തെ പഴയ കെട്ടിടത്തിലേക്കും കാടുപടർന്നു പിടിച്ചു. ഇവിടെയാണ് കുട്ടികൾക്കായി കളിക്കോപ്പുകളും സ്ഥാപിച്ചിട്ടുള്ളത്. ഈ കെട്ടിടത്തിന് മുകളിലാണ് ഡിസ്ട്രിക്ട് ഏർലി ഇന്റെർവെൻഷൻ സെന്ററും (DEIC) പ്രവർത്തിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കുട്ടികളാണ് കൗൺസലിംഗിനും മറ്റുമായി ദിവസവും ഇവിടെ എത്തിച്ചേരുന്നത്. ഇവിടേക്ക് കയറാനുള്ള കോണിപ്പടികളുടെ ചുറ്റുപാടും കാടുകയറിയ നിലയിലാണ്. ഇഴജന്തുക്കളുടെ ശല്യമുണ്ടെന്നും രോഗികൾ പറയുന്നു. അടുത്തിടെ കൂറ്റൻമരം മുറിച്ച് നീക്കിയതിന്റെ അവശിഷ്ടങ്ങളും ഇവിടെ തള്ളിയിട്ടുണ്ട്.

വഴിയിൽ മലിനജലം

ആശുപത്രിയിലെ പ്രധാനപ്പെട്ട ഐ.പി.കെട്ടിടത്തിന്റെ പിന്നിലുള്ള മോർച്ചറിക്ക് സമീപമാണ് വാഹനങ്ങൾക്ക് പാർക്കിംഗിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. പാർക്കിംഗ് ഫീസ് നൽകി കെട്ടിടത്തിന് പിന്നിലേക്ക് പോകുന്ന വഴിയിൽ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച മലിനജലവും ചെളിവെള്ളവും കെട്ടിക്കിടപ്പുണ്ട്. ഇതുകാരണം പലരും ഇവിടെ വാഹനം പാർക്ക് ചെയ്യാൻ മടിക്കുകയാണ്. കെട്ടിടത്തിന്റെ പിന്നിലും സമീപത്തെ പഴയ കെട്ടിടങ്ങളും തെരുവ് നായ്ക്കളുടെയും മറ്റും താവളമാണ്.

...........................

ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ആശുപത്രി വളപ്പിലാകെ നിറഞ്ഞതിനാൽ നായ്ക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രമാണ് ഇവിടെ. പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമില്ല

(കിടപ്പ് രോഗികൾ)