പത്തനംതിട്ട: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയ്ക്ക് 99.16 ശതമാനം വിജയം. 10525 പേർ പരീക്ഷ എഴുതിയതിൽ 10437 പേർ ഉന്നത പഠനത്തിന് അർഹതനേടി. ഇതിൽ 5442 പേർ ആൺകുട്ടികളും 4995 പേർ പെൺകുട്ടികളുമാണ്.
മുഴുവൻ വിഷയങ്ങൾക്കും 919 പേർക്ക് എ പ്ലസ് ലഭിച്ചു. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 229 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 690 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 3681 പേർ പരീക്ഷയെഴുതി. ഇതിൽ 3654 പേർ വിജയിച്ചു. വിജയ ശതമാനം 99.27. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 6844 പേർ പരീക്ഷയെഴുതി. 6783പേർ വിജയിച്ചു.വിജയ ശതമാനം 99.11. 38 സർക്കാർ സ്‌കൂളുകൾ 100 ശതമാനം വിജയം നേടി.

വിജയ ശതമാനം താഴേക്ക്

ജില്ലയിൽ വിജയ ശതമാനം വീണ്ടും താഴേക്ക്. 2018 മുതൽ മൂന്നുവർഷം പത്തനംതിട്ട ജില്ലയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ഇത്തവണ റവന്യൂജില്ല അടിസ്ഥാനത്തിൽ പത്തനംതിട്ടയുടെ സ്ഥാനം സംസ്ഥാനത്ത് എട്ടാമതാണ്. 88 കുട്ടികൾക്കാണ് ഉപരിപഠന യോഗ്യത ലഭിക്കാതിരുന്നത്. കഴിഞ്ഞവർഷം ഇത് 28 വിദ്യാർത്ഥികൾക്കു മാത്രമായിരുന്നു. 99.73 ശതമാനമായിരുന്നു 2021ൽ ലഭിച്ചത്. 2020ൽ 99.71 ശതമാനമായിരുന്നു വിജയം. 2019ൽ 99.34, 2018ൽ 99.11 ശതമാനം. കഴിഞ്ഞതവണ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു.
സംസ്ഥാനത്ത് എറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത് പത്തനംതിട്ടയിലാണ്.

കഴിഞ്ഞവർഷം ജില്ലയിൽ 2612 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയപ്പോൾ ഇത്തവണ 919 പേർക്കു മാത്രമാണ് സമ്പൂർണ എ പ്ലസ്. 143 സ്‌കൂളുകൾക്ക് കഴിഞ്ഞവർഷം നൂറു ശതമാനം വിജയമുണ്ടായിരുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കഴിഞ്ഞ വർഷം 1807 കുട്ടികളും തിരുവല്ലയിൽ 805 കുട്ടികളും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഇത്തവണ 242 ആൺകുട്ടികളും 666 പെൺകുട്ടികളും മാത്രമേ എപ്ലസ് നേടിയിട്ടുള്ളു.