16-abhijith-1
അഭിജിത്ത് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയോടൊപ്പം

പത്തനംതിട്ട ; എല്ലാ കുട്ടികളും കൊവിഡ് കാലത്തെ അതിജീവിച്ച് എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ തയ്യാറായപ്പോൾഅഭിജിത്ത് പരീക്ഷയെഴുതാനെത്തിയത് ജീവിതത്തിലെ ദുരിതങ്ങളെ അതിജീവിച്ചാണ്.
ഇലവുംതിട്ട, കോട്ടൂർ പാറത്തടത്തിൽ ബി. സജിയുടെ ഇളയ മകനാണ് അഭിജിത്ത്. സജി തളർവാതം ബാധിച്ച് കിടപ്പിലായതോടെ ഭാര്യയും മൂത്ത രണ്ട് മക്കളും ഉപേക്ഷിച്ചു പോയി. തുണയായ് ഉണ്ടായിരുന്ന സജിയുടെ മാതാവ് കുഞ്ഞമ്മ വാർദ്ധക്യരോഗ ബാധിതയായതോടെ ഇരുവരുടെയും സംരക്ഷണചുമതല അഭിജിത്തിന് ഏറ്റെടുക്കേണ്ടിവന്നു
സ്വന്തമായി വീടില്ലാതിരുന്ന ഇവർ നിരവധി വീടുകളിൽ വാടകയ്ക്ക് മാറി മാറിത്താമസിച്ചു,​. നിത്യചെലവിനും ചികിത്സയ്ക്കും പണം കണ്ടെത്തുവാൻ കഴിയാതായതോടെ വാടകവീടുകൾ ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. ഒടുവിൽ പൂവൻപാറയിൽ ഒരു ടാർപ്പായ ഷെഡിലായിരുന്നു താമസിച്ചിരുന്നത്. ഇളകൊളളൂർ സെന്റ്‌ജോർജ് ഹൈസ്‌ക്കൂളിൽ 9ാം ക്ലാസിൽ ചേർന്നെങ്കിലും പഠനം മുടങ്ങിപ്പോയിരുന്നു.
അവശരായ സജിയെയും മാതാവിനെയും നാട്ടുകാർ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അടൂർ മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ എന്നിവരെത്തി ഇവരുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.ഓൺലൈനിലൂടെ പഠിച്ചാണ് അഭിജിത്ത് വിജയം നേടിയത്.