 
കോന്നി: കൃഷ്ണേന്ദുവിന്റേയും അശ്വിൻ എസ്.കുമാറിന്റേയും ഫുൾ എപ്ലസിന് ഇരട്ടിമധുരം. കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 156ൽ പേരിൽ 18 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. അതിൽപ്പെട്ട വിദ്യാർത്ഥികളാണ് അശ്വിനും കൃഷ്ണേന്ദുവും. പഠിത്തത്തിൽ മാത്രമല്ല എൽ.പി തലം മുതൽ ക്വിസ് മത്സരങ്ങൾ ,പ്രസംഗം, കഥാപ്രസംഗം, ഉപന്യാസ രചന എന്നിവയിൽ ഇവർ രണ്ടു പേരും മികവ് കാട്ടി. ഇരുവരും കുട്ടി പൊലീസ് സേനയിൽ അംഗങ്ങളാണ്. എസ്.പി.സി ജില്ലാതലത്തിൽ നടത്തിയ വിവിധ ക്വിസ് മത്സരങ്ങളിൽ ഇരുവരും നിരവധി തവണ ഒന്നാം സ്ഥാനം നേടി. യൂണിറ്റ് ഉദ്ഘാടനത്തിനെത്തിയ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ ഛായാചിത്രം വരച്ചുനല്കി അശ്വിൻ പ്രശംസ പിടിച്ചുപറ്റി. പിന്നീട് ഡി. ജി.പി ലോക്നാഥ് ബഹ്‌റ വിരമിച്ചപ്പോൾ ജില്ലാ എസ്.പി.സി നല്കിയ ഉപഹാരത്തിൽ അദ്ദേഹത്തിന്റെ അശ്വിൻ വരച്ച ചിത്രം ഏറെ ശ്രദ്ധ നേടി. 2019ൽ ലഹരി വിരുദ്ധ വാരാചരണത്തിൽ കലഞ്ഞൂർ യൂണിറ്റ് തയാറാക്കിയ 'പോരാളി' ഷോർട്ട് ഫിലിം തിരക്കഥ എഴുതി സംവിധാനം നിർവഹിച്ചതും അശ്വിൻ ആയിരുന്നു. ജില്ലാ കോടതി ജീവനക്കാരൻ കലഞ്ഞൂർ പെരുമനത്ത് ശ്രീകുമാറിന്റേയും ഇന്ദുലേഖയുടേയും മകനാണ് അശ്വൻ. വ്യക്തിഗത നേട്ടങ്ങളുടെ പ്രതിഫലത്തുക നന്മ പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചതാണ് കൃഷ്‌ണേന്ദുനെ സ്കൂളും നാട്ടുകാരും വേറിട്ട വിദ്യാർത്ഥിയായി കാണുന്നത്. നല്ലൊരു ഗായികയും വായനാശീലത്തിലും മാതൃകയുമാണ്. വിവിധ ക്വിസ് മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ മത്സരിച്ച് നേട്ടം കൊയ്തിട്ടുള്ള കൃഷ്‌ണേന്ദു കോന്നി സ്പഷ്യൽ വില്ലേജ് ഓഫീസർ കെ.എസ് സുധീഷ് കുമാറിന്റേയും എലിമുള്ളുംപ്ലാക്കൽ ഗവ.ഹൈസ്കൂൾ അദ്ധ്യാപിക വി.അജിലിയുടേയും മകളാണ്.