പത്തനംതിട്ട: കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്ന് മുതൽ പുതിയ ബസ് ടെർമിനലിൽ നിന്ന് ആരംഭിക്കും. പുതിയ കെട്ടിത്തിന്റെ പണികൾക്കായി ഏഴ് വർഷം മുൻപാണ് കെ.എസ്.ആർ.ടി.സി ബസ് സർവീസ് സ്വകാര്യ സ്റ്റാൻഡിലേക്ക് മാറ്റിയത്. കെട്ടിടം പണി പൂർത്തിയാകുന്നതിന് മുമ്പേ പമ്പാ സർവീസിനായി യാർഡ് ഉദ്ഘാടനം നടത്തിയിരുന്നു. ഒരു കോടി രൂപ ചെലവഴിച്ചാണ് യാർഡ്, മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയുടെ പണി നടത്തിയത്. പത്തനംതിട്ടയിൽ നിന്നുള്ള അമ്പത്തിയൊന്ന് സർവീസുകളും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ഇന്ന് തന്നെ ആരംഭിക്കും. നിലവിൽ സ്പെഷൽ പുതിയ സർവീസുകൾ ഇല്ല.

അബാൻ മേൽപാലത്തിന്റെ പൈലിംഗ് ജോലികൾ പുരോഗമിക്കുന്നതിനാൽ സ്വകാര്യ സ്റ്റാൻഡിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുകൾക്ക് സർവീസ് നടത്താൻ ബുദ്ധിമുട്ടാണ്. നിലവിൽ കെ.എസ്.ആർ.ടി.സി പ്രവർത്തിച്ചിരുന്ന യാർഡിന്റെ ഭാഗത്താണ് പണി നടക്കുന്നത്.

2015 സെപ്തംബറിൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് കെട്ടിട സമുച്ചയ നിർമ്മാണം ആരംഭിക്കുന്നത്. അന്നു മുതൽ പണികൾ ഇഴയുകയായിരുന്നു. കടമുറികൾ ലേലത്തിൽ നിന്ന് 5.50 കോടിയോളം രുപ ലഭിച്ചിരുന്നു. ഒമ്പത് കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ ടെർമിനൽ നിർമ്മിച്ചത്.