പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ കളക്ടറേറ്റ് മാർച്ചിൽ ബാരിക്കേഡ് മറിച്ചിട്ടു. പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കളക്ടറേറ്റിന് മുന്നിലെത്തിയപ്പോഴാണ് പൊലീസിന്റെ ആദ്യ ബാരിക്കേഡ് മറിച്ചിട്ടത്. രണ്ടാമത്തെ ബാരിക്കേഡിന്റെ മുകളിൽ കയറി പൊലീസുമായി ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയ പ്രതിഷേധക്കാരെ യൂത്ത്കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ശാന്തമാക്കി. തുടർന്ന് കളക്ടറേറ്റിന് പുറത്തേക്കുള്ള വഴിയിലൂടെ തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദിനെ പൊലീസ് തടഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കി. പൊലീസുമായി ഏറെ നേരം ഉന്തുംതള്ളുമുണ്ടാക്കിയ പ്രവർത്തകർ സെൻട്രൽ ജംഗ്ഷനിലേക്ക് നീങ്ങി. പൊലീസ് സ്റ്റേഷൻ റോഡ് ഉപരോധിച്ചപ്പോൾ ഡിവൈ.എസ്.പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് നീക്കി.

കളക്ടറേറ്റിന് മുന്നിൽ നടന്ന യോഗം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. അൻസർ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല പ്രസംഗിച്ചു.