റാന്നി : കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിറുത്തലാക്കിയ സ്വകാര്യ ബസ് സർവീസുകൾ മുഴുവനായി ഓടിത്തുടങ്ങാത്തത് മലയോര മേഖല യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അമിത ചാർജുകൾ ഈടാക്കി മറ്റു യാത്രാ സൗകര്യങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും. സ്വകാര്യ ബസുകൾ പെർമിറ്റിൽ പറയുന്ന സ്ഥലങ്ങളിലേക്ക് സർവീസ് നടത്താതെ സ്വന്തം ഇഷ്ടപ്രകാരം ഓടുന്നതാണ് കൂടുതലും ഈ മേഖലയിലെ പ്രശ്നം. കൊവിഡ് കുറഞ്ഞിട്ടും , സ്കൂളുകളും കോളേജുകളും പൂർണമായി തുറന്നിട്ടും ചില ബസ് സർവീസുകൾ ഇപ്പോഴും ഓടിത്തുടങ്ങിയിട്ടില്ല. നിരവധി വിദ്യാർത്ഥികളും ജോലിക്കാരും ആശ്രയിച്ചിരുന്ന കോഴഞ്ചേരി - കുടമുരുട്ടി റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് ഇതുവരെയും സർവീസ് ആരംഭിച്ചിട്ടില്ല. കൂടാതെ വിവിധ ബസുകൾ റാന്നിയിൽ സർവീസ് അവസാനിപ്പിക്കുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്. ഏറ്റവും കൂടുതൽ യാത്രാ ദുരിതം അനുഭവിക്കുന്ന മേഖല വലിയകാവ്‌, കുടമുരുട്ടി, കൊച്ചുകുളം മേഖലയാണ് ഇരുപ്രദേശങ്ങളിലേക്കും കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ടെങ്കിലും ആളുകളുടെ യാത്രാ ക്ലേശം മാറുന്നതിനു ഇതു പ്രാപ്തമാകുന്നതല്ല. കൂടാതെ പെരുനാട്, മാമ്പാറ മേഖലയിലൂടെ ളാഹ, പുതുക്കട എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തലാക്കിയതും ആളുകളെ ദുരിതത്തിലാക്കുന്നുണ്ട്.