 
അടൂർ : സംസ്ഥാന ബഡ്ജറ്റിൽ ഇടംനേടിയ അടൂരിലെ നിർദ്ദിഷ്ട റിംഗ് റോഡിന്റെ അലൈൻമെന്റ് നിശ്ചയിക്കുന്നതിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. നഗരസഭ ചെയർമാൻ ഡി.സജി, വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, തഹസിൽദാർ ജി.കെ പ്രദീപ്, കെ. ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ ഹാരിസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുരേഷ് ബാബു, എ.ഇ രാജാറാം, കെ.ഐ.പി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഇ.മുഹമ്മദ് അൻസാരി, അസി. എൻജിനീയർ തുഷാര റ്റി.എസ്, താലൂക്ക് സർവയർ സുഭാഷ്, ഡെപ്യൂട്ടി സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദ് വി, പി എ കെ സുനിൽ ബാബു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 20 കോടി രൂപ അനുവദിച്ച റിംഗ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിട്ടതോടെ ചിറ്റയം ഗോപകുമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നിർദ്ദേശം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ജില്ലാവികസന യോഗത്തിലും വിഷയം ചിറ്റയം ഉന്നയിച്ചിരുന്നു.തുടർന്ന് തഹസിൽദാർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് കഴിഞ്ഞ ദിവസം ചിറ്റയം കെ.ആർ.എഫ്.ബി, കെ.ഐ.പി, റവന്യൂ ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ച് റിംഗ് റോഡ് ആരംഭിക്കുന്ന കരുവാറ്റ പള്ളി മുതൽ അവസാനിക്കുന്ന നെല്ലിമൂട്ടിൽ പടി എം.സി റോഡ് വരെ സ്ഥലപരിശോധന നടത്തിയത്. 10 മുതൽ 12 മീറ്റർ വരെ വീതിയിൽ കെ.ഐ .പി റോഡും സ്ഥലങ്ങളും ഉപയോഗപ്പെടുത്തിയും ചില ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ ഏറ്റെടുത്തുമാണ് റോഡ് നിർമ്മിക്കുക.