 
ഇളമണ്ണൂർ : വീട്ടിൽ ഭിക്ഷയ്ക്കെത്തി ഇളമണ്ണൂർ മരുതിമൂട് സ്വദേശിനിയുടെ മൂന്നേകാൽ വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തമിഴ് നാട്ടുകാരിയെ തൊഴിലുറപ്പ് തൊഴിലാളികൾ പിടികൂടി പൊലീസിന് കൈമാറി. തമിഴ്നാട് വെല്ലൂർ സ്വദേശി രംഗന്റെ ഭാര്യ മഞ്ചുവാണ് പിടിയിലായത്. ഇന്നലെ രാവിലെ ഒൻപതരമണിയോടെയാണ് സംഭവം. മാതാവ് വീടിനുള്ളിലും പിതാവ് വർക്ക്ഷോപ്പിലും നിൽക്കെയാണ് ഇവർ ഭിക്ഷചോദിച്ചെത്തിയത്.വീട്ടുകാർ പണമെടുക്കാൻ അകത്തേക്കുപോയ തക്കംനോക്കിയാണ് സൗറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിയെടുത്ത് ഒാടി രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതുകണ്ട മാതാപിതാക്കളും സമീപത്ത് ജോലിചെയ്തുകൊണ്ടുനിന്ന തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് ഇവരെ പിടികൂടുകയായിരുന്നു. . വിവരം അറിഞ്ഞ് അടൂരിൽ നിന്നെത്തിയ പൊലിസിന് മുന്നിൽ ഇവർ ഉൗമയായി അഭിനെയിച്ചെങ്കിലും വിജയിച്ചില്ല. . പൊലീസ് ഇൻസ്പെക്ടർ ടി. ഡി. പ്രജീഷ്, സബ് ഇൻസ്പെക്ടർ ധന്യ കെ. എസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു. പ്രതി സംസ്ഥാനത്തിനകത്തോ, പുറത്തോ സമാന രീതിയിലുള്ള കുറ്റകൃത്യം നടത്തിയിട്ടുണ്ടോയെന്നുള്ള വിവരം പരിശോധിക്കുന്നതിനും സഹായികളുണ്ടോ എന്നത് സംബന്ധിച്ചും കൂടുതൽ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ നിർദ്ദേശം നൽകി.