പത്തനംതിട്ട: ബഫർസോൺ കരിനിയമങ്ങൾ മലയോരജില്ലയായ പത്തനംതിട്ടയിലെ ജനങ്ങളെ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ ഭീതിയോടെയാണ് കാണുന്നതെന്ന് എം.സി. വൈ. എം പത്തനംതിട്ട രൂപതാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തണ്ണിത്തോട് , ചിറ്റാർ , സീതത്തോട് , വടശേരിക്കര , വെച്ചൂച്ചിറ , പെരുനാട് , അരുവാപ്പുലം പഞ്ചായത്തുകളിലെ ജനജീവിതത്തെ സരമായി ബാധിക്കുന്നതാണ് ബഫർ സോൺ വിധി. കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപത എം. സി. വൈ. എം നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ കളക്ടറേറ്റ് പടിക്കൽ ധർണയും നിരാഹാര സമരവും നടത്തും. രൂപതാദ്ധ്യാക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും . ബിഷപ്പ് എമരിത്തൂസ് യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് സെൻട്രൽ ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.ഫാ. ജോസ് പുളിക്കൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ രൂപതാ പ്രസിഡന്റ് അജേഷ് എം. തോമസ്, വികാരി ജനറാൽ ഫാ. ഷാജി തോമസ് മാണികുളം, പ്രൊക്യുറേറ്റർ ഫാ. ജിൻസ് മേപ്പുറത്ത് , രൂപത ഡയറക്ടർ ഫാ . ജോബ് പതാലിൽ, സെക്രട്ടറി ബിബിൻ എബ്രഹാം എന്നിവർ പങ്കെടുത്തു.