തിരുവല്ല: മുൻധാരണ പ്രകാരം പുതിയ നഗരസഭാ അദ്ധ്യക്ഷനും ഉപാദ്ധ്യക്ഷനും വേണ്ടി നടന്ന തിരഞ്ഞെടുപ്പിൽ തിരുവല്ലയിൽ എ.ഡി.എഫ് അംഗം അദ്ധ്യക്ഷയും യു.ഡി.എഫ് അംഗം ഉപാദ്ധ്യക്ഷനുമായി. ശാന്തമ്മ വർഗീസും ജോസ് പഴയിടവുമാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിനൊപ്പമുള്ള കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ശാന്തമ്മ വർഗീസ് കൂറുമാറി എൽ.ഡി.എഫിലെ കേരള കോൺഗ്രസി (എം) ൽ ചേർന്നതോടെയാണ് പ്രതിസന്ധി ഉണ്ടായത്. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയുടെ ഭരണം പിടിച്ചെടുക്കാനുള്ള എൽ.ഡി.എഫ് നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. യു.ഡി.എഫ് 16, എൽ.ഡി.എഫ് 15, ബി.ജെ.പി 7, എസ്.ഡി.പി.ഐ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ശാന്തമ്മ വർഗീസ് പോയതോടെ ബി.ജെ.പി സ്വതന്ത്രൻ രാഹുൽ ബിജുവിനെ യു.ഡി.എഫ് ഒപ്പം ചേർത്തു. ഇതോടെ ഇരുമുന്നണികൾക്കും തുല്യ നിലയായി. തുടർന്നാണ് നറുക്കെടുപ്പ് നടത്തിയത്. 39 അംഗങ്ങളിൽ ബി.ജെ.പി.യിലെ ആറ് പേരും എസ്.ഡി.പി.ഐയുടെ അംഗവും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
വരണധികാരി ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ എം.എസ് രേണുഭായ് മുമ്പാകെ ഇരുവരും സത്യപ്രതിഞ്ജ ചെയ്ത് ചുമതലയേറ്റെടുത്തു. ശാന്തമ്മ വർഗീസ് 20 ാംവാർഡ് കൗൺസിലറാണ്. 21 ാം വാർഡിലെ കൗൺസിലറാണ് ജോസ് പഴയിടം. അദ്ധ്യക്ഷ സ്ഥാനവും ഉപാദ്ധ്യക്ഷ സ്ഥാനവും ഇരുമുന്നണികൾക്ക് ലഭിച്ചതോടെ നഗരഭരണം പ്രതിസന്ധിയിലാകുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്.
കക്ഷിനില യു.ഡി.എഫ് 16 (കോൺഗ്രസ് -10, കേരള കോൺഗ്രസ് - 5 ,സ്വതന്ത്ര -1 )എൽ.ഡി.എഫ് - 16 സി.പി.എം - 9 കേരള കോൺ.(എം) - 5, എൻ.സി.പി -1 , സ്വതന്ത്ര - 1) ബി.ജെ.പി - 6എസ്.ഡി.പി.ഐ - 1
തിരുവല്ല നഗരസഭ യു.ഡി.എഫിന് നഷ്ടമായതോടെ ജില്ലയിലെ നാല് നഗരസഭകളിൽ മൂന്നും (പത്തനംതിട്ട, അടൂർ, തിരുവല്ല) എൽ.ഡി.എഫിനൊപ്പമായി. പന്തളത്ത് ബി.ജെ.പിയാണ് ഭരിക്കുന്നത്.