
പത്തനംതിട്ട: സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി അറിയാൻ സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡി കേസ് കെട്ടിച്ചമച്ചതാണ്. അതും പിണറായി വിജയനെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും രണ്ടാണ്.
വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകുന്ന പാർട്ടിയല്ല മുസ്ലിം ലീഗ്. എന്നാൽ എൽ.ഡി.എഫിന്റെ രീതി മറിച്ചാണ്. സോളാർ കേസ് പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അവർ നടന്നത് നമ്മൾ കണ്ടതാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന പറഞ്ഞതിൽ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്. മുഖ്യമന്ത്രി എന്തോ മറയ്ക്കുന്നതുപോലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.