തിരുവല്ല: നാടകീയ നീക്കങ്ങൾക്കൊടുവിലാണ് യു.ഡി.എഫിൽ നിന്ന് മൂന്നാംവട്ടവും തിരുവല്ല നഗരസഭയുടെ ഭരണം എൽ.ഡി.എഫ് പിടിച്ചെടുക്കുന്നത്. അധികാരമേറ്റ് ഒന്നരവർഷത്തിനുശേഷം യു.ഡി.എഫ് ധാരണപ്രകാരമാണ് തിരുവല്ല നഗരഭരണ നേതൃമാറ്റത്തിനായി ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫിന്റെ ഈ തീരുമാനം വടികൊടുത്ത് അടിവാങ്ങിയത് പോലെയായി. സമാന രീതിയിൽ 2003ലും 2013ലും യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തിട്ടുണ്ട്. ഈ അനുഭവങ്ങൾ ഉണ്ടായിട്ടും നേരിയ ഭൂരിപക്ഷം മാത്രമുള്ളപ്പോൾ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിന് യു.ഡി.എഫ് കളമൊരുക്കിയെന്നാണ് വിമർശനം. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും തന്ത്രപരമായ നീക്കങ്ങളാണ് നടത്തിയത്. യു.ഡി.എഫ് ഘടകകഷിയിലെ കൗൺസിലറെ അടർത്തിയെടുക്കാൻ എൽ.ഡി.എഫ് നീക്കം നടത്തുന്നത് സംബന്ധിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നാണ് നേതാക്കൾ പറഞ്ഞത്. അംഗസംഖ്യ കൂട്ടാൻ യു.ഡി.എഫ് ശ്രമിച്ചത് കൊണ്ടുമാത്രമാണ് ഉപാദ്ധ്യക്ഷനെയെങ്കിലും നറുക്കെടുപ്പിലൂടെ കിട്ടിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി അനുജോർജ്ജിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചെങ്കിലും ഇന്നലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നുള്ള ശാന്തമ്മയെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി രംഗത്തിറക്കിയത്.